ad
Deshabhimani

മധ്യപ്രദേശിൽ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു; ജനിച്ച നാല് ശിശുക്കളും മരിച്ചു; ആംബുലൻസ് ലഭിച്ചില്ലെന്ന് ബന്ധുക്കൾ

newborn baby

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 08, 2026, 10:44 AM | 1 min read

ഭോപ്പാൽ : മധ്യപ്രദേശിലെ മാണ്ട്‌ല ജില്ലയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. നാല് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. പ്രസവിച്ചയുടൻ തന്നെ നാല് കുഞ്ഞുങ്ങളും മരിച്ചു. യുവതിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഇല്ലാഞ്ഞതിനാലാണ് കുഞ്ഞുങ്ങൾ മരിക്കാൻ കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. അകാല പ്രസവവും അപൂർണ്ണ വളർച്ചയും മൂലമാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് ആരോഗ്യ ഉദ്യോഗസ്ഥരുടെ വാദം. കൃത്യസമയത്ത് ആംബുലൻസ് ലഭ്യമാക്കിയിരുന്നെങ്കിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു.


ഏഴാം മാസത്തിൽ പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നൈഗാവ് നിവാസിയായ രജനി സിംഗാരമിനെ സ്വകാര്യ വാഹനത്തിൽ ഗുഥാസിലെ സർക്കാർ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നതായി ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ. ഡി ജെ മൊഹന്തി പറഞ്ഞു. നില ഗുരുതരമായതിനാൽ, ഓട്ടോറിക്ഷയിൽ ബിച്ചിയയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.


എന്നാൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തുന്നതിനുമുമ്പ് യുവതി പ്രസവിച്ചു. മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ജനിച്ചത്. കുട്ടികൾക്ക് 1.5 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു ബിച്ചിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തര ആംബുലൻസ് സർവീസിലേക്ക് വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് യുവതിയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home