സർക്കാർ സ്‌കൂളുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കണം; തെലങ്കാനയിൽ വ്യാപക പ്രതിഷേധവുമായി എസ്എഫ്ഐ

ഹൈദരാബാദ് : വിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടി ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ തെലങ്കാന സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ചു. ആയിരക്കണക്കിന് വിദ്യാർഥികൾ പ്രതിഷേധത്തിൽ പങ്കുചേർന്നു. സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളുടെ എണ്ണം 27,000ൽ നിന്ന് 4,000 ആയി കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇത്തരമൊരു നീക്കം പൊതുവിദ്യാഭ്യാസത്തെ, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ, സാരമായി ബാധിക്കുമെന്ന് എസ്എഫ്ഐ ചൂണ്ടിക്കാട്ടി.

സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും രണ്ട് ജോഡി യൂണിഫോമുകളും സൗജന്യ പാഠപുസ്തകങ്ങളും നൽകുക, ഉച്ചഭക്ഷണ പദ്ധതിക്കുള്ള ധനസഹായം വർധിപ്പിക്കുക, ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് അക്ഷയ പാത്ര, ഇസ്കോൺ, മന്ന ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകൾക്ക് പകരം വനിതാ സ്വയം സഹായ സംഘങ്ങളെ ഏൽപ്പിക്കുക എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാൻ ഉന്നയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനായി അധ്യാപകർ, മണ്ഡലം വിദ്യാഭ്യാസ ഓഫീസർമാർ (എംഇഒമാർ), ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ (ഡിഇഒമാർ), ലക്ചറർമാർ എന്നിവരെ ഉടൻ നിയമിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

സ്വകാര്യ, കോർപ്പറേറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്നും ഫീസ് ഘടനകൾ നിയന്ത്രിക്കാനും വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം തടയാനും നിയമനിർമാണം നടത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്വകാര്യ സ്കൂളുകളിൽ 25 ശതമാനം സൗജന്യ പ്രവേശനം ഉറപ്പാക്കുന്നതുൾപ്പെടെ വിദ്യാഭ്യാസ അവകാശ നിയമം പൂർണ്ണമായും നടപ്പിലാക്കണം. പാഠപുസ്തകങ്ങൾ, യൂണിഫോമുകൾ, നോട്ട്ബുക്കുകൾ എന്നിവയുടെ വിൽപ്പന നടത്തുന്ന സ്വകാര്യ, കോർപ്പറേറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടണം. സ്കോളർഷിപ്പുകളുടെയും ഫീസ് റീഇംബേഴ്സ്മെന്റിന്റെയും വിതരണത്തിലെ കാലതാമസവും പ്രതിഷേധത്തിൽ ഉയർത്തിക്കാട്ടി. ഇന്റർമീഡിയറ്റ് കോളേജുകളിൽ മതിയായ ബജറ്റ് വിഹിതത്തോടെ ഉച്ചഭക്ഷണ പദ്ധതി ഉടൻ ആരംഭിക്കണം. നിലവിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ, ഹോസ്റ്റലുകൾ, ഗുരുകുല സ്ഥാപനങ്ങൾ എന്നിവയ്ക്കായി സ്ഥിരം കെട്ടിടങ്ങൾ നിർമിക്കണമെന്നും ആവശ്യപ്പെട്ടു.

കാലതാമസമില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുപകരം നിക്ഷേപം വർധിപ്പിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ സംവിധാനത്തെ ശക്തിപ്പെടുത്താനും പ്രതിഷേധക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു.











0 comments