വിഷ്ണുവിന്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവൻ നൽകും; കോഴിക്കോട് നിന്ന് കോട്ടയത്തേക്ക് ആംബുലൻസിന് വഴിയൊരുക്കാൻ നിർദേശം

വിഷ്ണു (ഇടത്), അവയവങ്ങൾ കൊണ്ടുപോകുന്ന ആംബുലൻസ് (വലത്)
കോഴിക്കോട്/കോട്ടയം: അകാലത്തിൽ പൊലിഞ്ഞ ഇരുപതുകാരൻ വിഷ്ണുവിന്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവൻ നൽകി. കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ച് മസ്തിഷ്ക മരണം സംഭവിച്ച വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചതോടെ റോഡുമാർഗം KL05BB 5596 എന്ന ആംബുലൻസിൽ അവയവങ്ങൾ മറ്റാശുപത്രികളിലേക്ക് മാറ്റുകയാണ്.
വയനാട് ഓറിയന്റൽ കോളേജിലെ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയായിരുന്നു വിഷ്ണു. ഇരിങ്ങൽ കോട്ടക്കൽ സ്വദേശിയായ വിഷ്ണുവിനെ ജൂലൈ 6-ന് തലവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും ജൂലൈ 7-ന് രാത്രി 8 മണിയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
അമ്മ ഷിബിനയും സഹോദരി ജ്യോതികയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായത് ഒട്ടേറെപ്പേർക്ക് ആശ്വാസമായി. കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും,വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജ്, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലേക്കുമാണ് കൊണ്ടുപോകുക.
കണ്ണുകൾ (കോർണിയ) കോഴിക്കോട് മെഡിക്കൽ കോളേജിന് നൽകും. കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിക്കുന്ന വൃക്കയുമായി പോകുന്ന ആംബുലൻസിനായി പ്രത്യേക 'ഗ്രീൻ കോറിഡോർ' ഒരുക്കിയിരുന്നു. ഇന്ന് രാവിലെ 8 മണിയോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് പാലിയേക്കര ടോൾ പ്ലാസയും കടന്ന് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയാണ്. ആംബുലൻസിനു പോകാൻ കഴിയുന്നവിധത്തിൽ വഴിയൊരുക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു










0 comments