എഫ്ഡി തുക ലഭിക്കാനായി അമ്മയെ കൊന്നു; മധ്യപ്രദേശിൽ മകന് വധശിക്ഷ

പ്രതീകാത്മകചിത്രം
ഭോപ്പാൽ : ഫിക്സഡ് ഡെപ്പോസിറ്റ് തുക ലഭിക്കാൻ വേണ്ടി അമ്മയെ കൊലപ്പെടുത്തിയ മകന് വധശിക്ഷ. മധ്യപ്രദേശ് ഷിയോപൂർ സ്വദേശിയായ ദീപക് പച്ചൗരി (26) യെയാണ് അഡീഷണൽ സെഷൻസ് ജഡ്ജി എൽ ഡി സോളങ്കി വധശിക്ഷയ്ക്ക് വിധിച്ചത്. അമ്മ ഉഷാദേവിയെ കഴിഞ്ഞ വർഷം കൊലപ്പെടുത്തിയ കേസിൽ ബിഎൻഎസ് സെക്ഷൻ 302 പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വധശിക്ഷ. ഷിയോപൂരിലെ വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്. 32 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപംത്തുക ലഭിക്കാനായാണ് ദീപക് ഉഷയെ കൊലപ്പെടുത്തി മൃതദേഹം ചുവരിൽ ഒളിപ്പിച്ചത്. 2024 മെയ് 8 ന് ഷിയോപൂർ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ ദീപക് പച്ചൗരി അമ്മയെ കാണാനില്ലെന്ന് പരാതി നൽകിയതോടെയാണ് കേസിന്റെ തുടക്കം. മൊഴികളിലെ പൊരുത്തക്കേടിൽ സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ദീപക് അമ്മയുടെ കൊലപാതകം സമ്മതിച്ചത്.
ഗ്വാളിയോറിലെ ഒരു അനാഥാലയത്തിൽ നിന്ന് ഉഷാ ദേവിയും ഭർത്താവ് ഭുവേന്ദ്ര പച്ചൗരിയും 20 വർഷങ്ങൾക്ക് മുമ്പാണ് ദീപക്കിനെ ദത്തെടുത്തുത്. 2021ൽ പിതാവിന്റെ മരണശേഷം, ദീപക് പിതാവിന്റെ സ്ഥിര നിക്ഷേപത്തിൽ നിന്ന് 16.85 ലക്ഷം രൂപ പിൻവലിച്ചു. 14 ലക്ഷം രൂപ ഓഹരി വിപണിയിൽ നിക്ഷേപിക്കുകയും ബാക്കി തുക ചെലവഴിക്കുകയും ചെയ്തു. നഷ്ടമുണ്ടായതിനെത്തുടർന്ന് ദീപക് അമ്മയുടെ എഫ്ഡി തുക ലക്ഷ്യമിട്ടു. ദീപക്കായിരുന്നു ഏക നോമിനി. ഉഷാദേവി പണം നൽകാൻ വിസമ്മതിച്ചതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. മെയ് 6 ന് ഉഷ വീട്ടിലെ പടികൾ കയറുമ്പോൾ തള്ളിയിട്ട് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ഈ ശ്രമം പരാജയപ്പെട്ടപ്പോൾ ഇരുമ്പ് വടി കൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്ത് കൊലപ്പെടുത്തി.
മൃതദേഹം തുണിയിൽ പൊതിഞ്ഞ് ടോയ്‌ലറ്റിന് താഴെയുള്ള ചുമരിനുള്ളിൽ ഒളിപ്പിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. ഫോറൻസിക് പരിശോധനയും നടത്തി. സെക്ഷൻ 302 (കൊലപാതകം), 201 (കുറ്റകൃത്യത്തിന്റെ തെളിവ് അപ്രത്യക്ഷമാക്കൽ) എന്നിവ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.









0 comments