മധ്യപ്രദേശിൽ പത്തുവയസ്സുകാരനെ പുലി കടിച്ചുകൊണ്ടുപോയി; മണിക്കൂറുകൾക്ക് ശേഷം മൃതദേഹം കണ്ടെത്തി

കട്നി: മധ്യപ്രദേശിലെ കട്നി ജില്ലയിൽ ജനവാസമേഖലയിലിറങ്ങിയ പുലി പത്തുവയസ്സുകാരനെ ആക്രമിച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഗുണ്ണൂർ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിൽ കളിച്ചുകൊണ്ടിരുന്ന രാജ് കോൾ എന്ന ബാലനെയാണ് പുലി ആക്രമിച്ചത്.
ഗ്രാമവാസികൾ നോക്കിനിൽക്കെ കുറ്റിക്കാട്ടിൽ നിന്ന് പാഞ്ഞെത്തിയ പുലി കുട്ടിയെ കടിച്ചുപിടിച്ച് വനത്തിലേക്ക് ഓടിമറയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പും ജില്ലാ ഭരണകൂടവും ഡ്രോണുകളും ട്രാക്കിംഗ് ഉപകരണങ്ങളും ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ മണിക്കൂറുകൾക്ക് ശേഷം വനത്തിനുള്ളിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം.
പ്രശസ്തമായ ബാന്ധവ്ഗഡ് ടൈഗർ റിസർവ് സ്ഥിതി ചെയ്യുന്ന ഉമരിയ ജില്ലയുടെ അതിർത്തിയോട് ചേർന്ന പ്രദേശമാണിത്. സംഭവത്തെത്തുടർന്ന് വനംവകുപ്പ് ഗ്രാമത്തിൽ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ആരും ഒറ്റയ്ക്ക് വനമേഖലയിലേക്ക് പോകരുതെന്നും കുട്ടികളെ തനിയെ വിടരുതെന്നും അധികൃതർ നിർദ്ദേശിച്ചു. പുലിയെ കണ്ടെത്താനുള്ള തിരച്ചിൽ വനത്തിനുള്ളിൽ തുടരുകയാണ്.










0 comments