ad
Deshabhimani

'നിന്റെ തന്തയുടെ വകയാണോ കരേര?': മകൻ 5 പേരെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം പൊലീസിനെ വെല്ലുവിളിച്ച് ബിജെപി എംഎൽഎ

BJP MLA
വെബ് ഡെസ്ക്

Published on Apr 20, 2026, 12:20 PM | 1 min read

ശിവ്പുരി: മധ്യപ്രദേശിലെ ശിവ്പുരിയിൽ മകൻ ഓടിച്ച വാഹനമിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ പൊലീസിനെതിരെ ആക്രോശവുമായി ബിജെപി എംഎൽഎ പ്രീതം ലോധ്. കേസ് അന്വേഷിക്കുന്ന കരേര എസ്ഡിഒപി ആയുഷ് ജാഖറിനെതിരെയാണ് മോശമായ ഭാഷയിൽ എംഎൽഎ ഭീഷണി മുഴക്കിയത്.


അപകടത്തിന് പിന്നാലെ മകനെ കരേരയിൽ കണ്ടുപോകരുത് എന്ന് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെതിരെയാണ് എംഎൽഎ രംഗത്തെത്തിയത്. 'കരേര നിന്റെയൊക്കെ തന്തയുടെ വകയാണോ എന്നാണ് എനിക്ക് ആ ഉദ്യോഗസ്ഥനോട് ചോദിക്കാനുള്ളത്. എന്റെ മകൻ കരേരയിലേക്ക് തന്നെ വരും, അവൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യും. നിന്റെ അപ്പന് ധൈര്യമുണ്ടെങ്കിൽ അവനെ തടയാൻ നോക്ക്". എംഎൽഎ പരസ്യമായി വെല്ലുവിളിച്ചു.


കള്ളക്കേസുകൾ എടുത്ത് സമ്മർദ്ദത്തിലാക്കാൻ നോക്കിയാൽ തക്കതായ മറുപടി നൽകുമെന്നും പ്രീതം ലോധ് പൊലീസിന് മുന്നറിയിപ്പ് നൽകി. "ഉദ്യോഗസ്ഥർ അവരുടെ പരിധിക്കുള്ളിൽ നിൽക്കണം. ഞങ്ങളെ വെല്ലുവിളിക്കാൻ വന്നാൽ വെറുതെ വിടില്ല" എന്നും എംഎൽഎ കൂട്ടിച്ചേർത്തു.


ഏപ്രിൽ 16-ന് രാവിലെയാണ് എംഎൽഎയുടെ മകൻ ദിനേഷ് ലോധ് ഓടിച്ച ഥാർ കാർ രണ്ട് സ്ത്രീകളെയും മൂന്ന് ബൈക്ക് യാത്രക്കാരെയും ഇടിച്ചുതെറിപ്പിച്ചത്. അപകടമുണ്ടാക്കിയ ശേഷം നമ്പർ പ്ലേറ്റില്ലാത്ത, കറുത്ത ഫിലിം ഒട്ടിച്ച അതേ കാറിൽത്തന്നെയാണ് ദിനേഷ് മൊഴി നൽകാൻ സ്റ്റേഷനിലെത്തിയത്. താൻ സൈറൺ മുഴക്കിയിട്ടും വഴിമാറാത്തതുകൊണ്ടാണ് അവരെ ഇടിച്ചിട്ടത് എന്നായിരുന്നു ദിനേഷ് പൊലീസിനോട് പറഞ്ഞത്.


പരിക്കേറ്റവരെ തിരിഞ്ഞുനോക്കാൻ പോലും എംഎൽഎ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. വധശ്രമവും ഗുണ്ടായിസവും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് എംഎൽഎ പ്രീതം ലോധും മകൻ ദിനേഷും. ഉന്നത ഉദ്യോഗസ്ഥനെതിരെയുള്ള എംഎൽഎയുടെ വിവാദ പരാമർശം മധ്യപ്രദേശ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home