print edition വെനസ്വേലയുമായി ഇന്ധന കരാറിന് നീക്കം

ഡെൽസി റോഡ്രിഗസും നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തിയപ്പോൾ

സ്വന്തം ലേഖകൻ
Published on Jun 05, 2026, 12:00 AM | 1 min read
ന്യൂഡൽഹി: അമേരിക്കയുടെ നിര്‍ദേശ പ്രകാരം വെനസ്വേലയുമായി ഉൗർജ കരാറിന് കേന്ദ്രസർക്കാർ. ഇന്ത്യൻ സന്ദർശനത്തിനെത്തിയ വെനസ്വേലയുടെ താത്കാലിക പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഉഭയകക്ഷി ചർച്ചയ്‌ക്ക് പിന്നാലെയാണ് സ്ഥിരീകരണം.
റഷ്യൻ എണ്ണ ഇന്ത്യയിലെത്തുന്നത് തടയാനുള്ള അമേരിക്കൻ നീക്കത്തിന്റെ ഭാഗമാണിത്. നിലവിൽ വെനസ്വേലയുടെ എണ്ണ വിൽക്കുന്നതും കൊള്ളലാഭം നേടുന്നതും അമേരിക്കയാണ്. കരാറിലേർപ്പെടാനുള്ള ആഗ്രഹം മോദി റോഡ്രിഗസിനെ അറിയിച്ചു. വ്യാപാരം, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലും സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി വിദേശമന്ത്രാലയം പറഞ്ഞു. റിലയൻസിന്റെ ജാംനഗറിലുള്ള റിഫൈനറി അടക്കം റോഡ്രിഗസ് സന്ദർശിക്കും. വിദേശമന്ത്രി എസ് ജയ്‌ശങ്കറുമായും അവർ ചർച്ച നടത്തി. ഇന്ത്യയുടെ ദീർഘകാല സുഹൃത്താണ് വെനസ്വേലയെന്ന് വിദേശമന്ത്രാലയം പ്രതികരിച്ചു.
അതേസമയം, ദീർഘകാല സുഹൃത്തായിട്ടും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയ അമേരിക്കൻ നടപടിയെ അപലപിക്കാൻ മോദി സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. മഡുറോയുടെ സോഷ്യലിസ്‌റ്റ് സർക്കാരുമായി സഹകരിച്ച് കുറഞ്ഞ വിലയ്‌ക്ക് എണ്ണ വാങ്ങാൻ കഴിയുമായിരുന്നെങ്കിലും അമേരിക്കയെ ഭയന്ന് അന്ന് പിന്തിരിഞ്ഞു. ഇപ്പോൾ അമേരിക്ക നിശ്ചയിക്കുന്ന കൂടിയ വിലയ്‌ക്കാണ് എണ്ണ വാങ്ങാൻ പോകുന്നത്.










0 comments