ചെന്നൈയിൽ അമ്മ നവജാതശിശുവിനെ എറിഞ്ഞുകൊന്നു

ചെന്നൈ : ചെന്നൈ നീലാങ്കരയിൽ അമ്മ കുഞ്ഞിനെ എറിഞ്ഞുകൊന്നതായി ആരോപണം. 27 കാരിയാണ് തന്റെ ഇരട്ടക്കുട്ടികളിൽ ഒരാളെ കൊലപ്പെടുത്തിയത്. 45 ദിവസമാണ് കുട്ടികളുടെ പ്രായം. പ്രസവാനന്തര വിഷാദം മൂലമാണ് കൊലയെന്നാണ് വിവരം. കുട്ടികളിൽ ഒരാൾക്ക് ഭാരക്കുറവ് ഉണ്ടായിരുന്നു. കുഞ്ഞിന് ആരോഗ്യമില്ലെന്ന് കരുതിയും ആരോഗ്യം മെച്ചപ്പെടാത്തതിനാലും യുവതി കുഞ്ഞിനെ വീടിന്റെ ടെറസിൽ നിന്ന് വലിച്ചെറിയുകയായിരുന്നു. കൊലപാതകക്കുറ്റം ചുമത്തി യുവതിയെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് നീലാങ്കരൈ പൊലീസ് പറഞ്ഞു.
പ്രസവശേഷം യുവതി മാതാപിതാക്കളുടെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഒരു കുഞ്ഞിന് ഏകദേശം 2.5 കിലോഗ്രാമും മറ്റേ കുഞ്ഞിന് 1.5 കിലോഗ്രാമുമായിരുന്നു ഭാരം. ഭാരക്കുറവുള്ള കുട്ടിക്ക് ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ആരോഗ്യം കുറവാണെന്നും യുവതി പറയുമായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതേത്തുടർന്ന് യുവതി മാനസികമായി ബുദ്ധിമുട്ടിലായിരുന്നുവെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം.
ചൊവ്വാഴ്ച രാവിലെയാണ് കുഞ്ഞിനെ വീടിന്റെ ടെറസിൽ നിന്ന് വലിച്ചെറിഞ്ഞത്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കുഞ്ഞിനെ കാണാനില്ലെന്ന് യുവതിയുടെ പിതാവ് ശ്രദ്ധിച്ചു. തുടർന്ന് കുടുംബത്തിലെ മറ്റുള്ളവർ വീടിനുള്ളിൽ കുഞ്ഞിനെ അന്വേഷിക്കാൻ തുടങ്ങി. കുഞ്ഞിനെ കണ്ടെത്താനാകാതെ വന്നപ്പോൾ നീലാങ്കരൈ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഈ സമയത്ത് യുവതി സംഭവം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനുശേഷം, വീടിനു ചുറ്റുമുള്ള കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടെത്തി. കുഞ്ഞിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. മൃതദേഹം പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ റോയപ്പേട്ട ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചതായും കൊലപാതകം നടത്തിയതായി സ്ത്രീ സമ്മതിച്ചതായും പൊലീസ് പറഞ്ഞു. സംശയാസ്പദമായ മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് കൊലപാതകമാക്കി മാറ്റും. ഉടൻ തന്നെ യുവതിയെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.









0 comments