print edition അഖ്‌ലാഖ് വധം ; പ്രതികളുടെ സൗകര്യത്തിന് കോടതി മാറ്റാനാകില്ല

ന്യൂഡൽഹി
വീട്ടിൽ പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖിനെ സംഘപരിവാർ അക്രമികൾ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കും യുപി സർക്കാരിനും വീണ്ടും തിരിച്ചടി.
കേസിന്റെ വിചാരണ സൂരജ്‌പുർ അഡീഷണൽ ജില്ലാ ജഡ്‌ജി സൗരഭ് ദ്വിവേദിയിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ആറ് പ്രതികൾ നൽകിയ അപേക്ഷ സെഷൻസ് കോടതി തള്ളി. കോടതി മാറ്റൽ അപേക്ഷയെ എതിർക്കാൻ കൂട്ടാക്കാതെ പ്രതികൾക്കൊപ്പംനിന്ന യുപി സർക്കാരിനും ഉത്തരവ് വൻ തിരിച്ചടിയായി. പ്രതികളുടെ സൗകര്യത്തിന് കോടതി മാറ്റാൻ കഴിയില്ലെന്ന് ഗൗതംബുദ്ധ നഗർ സെഷൻസ് ജഡ്‌ജി അതുൽ ശ്രീവാസ്‌തവ ഉത്തരവിൽ വ്യക്തമാക്കി. സൂരജ്‌പുർ കോടതിയിൽനിന്ന് നീതി കിട്ടില്ലെന്ന പ്രതികളുടെ വാദവും തള്ളി. പ്രതികൾ പ്രകടിപ്പിക്കുന്ന കേവല സംശയങ്ങൾ അംഗീകരിക്കാനാകില്ല.
വിചാരണക്കോടതി ഏകപക്ഷീയമായി എന്തെങ്കിലും ചെയ്‌തെന്ന് പ്രതികൾക്ക് തെളിയിക്കാനായിട്ടില്ല. മെറിറ്റ് നോക്കി മാത്രമാണ് ഉത്തരവുകൾ നൽകുന്നത് –സെഷൻസ് കോടതി പറഞ്ഞു.
ഇതോടെ കേസിന്റെ വിചാരണ സൂരജ്‌പുർ കോടതിയിൽ ദിവസേന നടക്കും. അഖ്‌ലാഖിന്റെ ഭാര്യയുടെയും മകന്റെയും മൊഴി ഉടൻ രേഖപ്പെടുത്തി വിചാരണ വേഗത്തിലാക്കാനും കഴിയും. കോടതി മാറ്റൽ അപേക്ഷ നൽകിയതിന്റെ പേരിൽ വിചാരണക്കോടതിയിലെ നടപടികൾ തുടരുന്നതിന് വിലക്കില്ലെന്ന് സെഷൻസ് കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകൻ വിശാൽ റാണയടക്കമുള്ള 15 പ്രതികൾക്കതിരെയുള്ള കേസ് പിൻവലിക്കണമെന്ന ബിജെപി സർക്കാരിന്റെ ആവശ്യം വിചാരണക്കോടതി ഡിസംബർ 24ന് തള്ളിയിരുന്നു. തൊട്ടുപിന്നാലെയാണ് കോടതി മാറ്റാൻ അപേക്ഷ. 2015 സെപ്‌തംബർ 28 നാണ് വീട്ടിൽക്കയറി അഖ്‌ലാഖിനെയും മകൻ ഡാനിഷിനെയും സംഘപരിവാറുകാൾ മർദിച്ച് മൃതപ്രായരാക്കിയത്.അടുത്ത ദിവസം അഖ്‌ലാഖ് മരിച്ചു.










0 comments