ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥ
print edition മറുപടിയില്ലാതെ മോദി ; അസംബന്ധ സിദ്ധാന്തങ്ങളുമായി കേന്ദ്രഏജൻസികളും

ന്യൂഡൽഹി
സ്‌ഫോടനത്തിന്റെ ഗുരുതര സുരക്ഷാവീഴ്‌ചകൾ ഒന്നൊന്നായി പുറത്തുവന്നിട്ടും മറുപടിയില്ലാതെ കേന്ദ്ര സർക്കാർ. സുരക്ഷാവീഴ്‌ചയെ കുറിച്ച് അന്വേഷണത്തിനോ വീഴ്‌ചയ്‌ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരായി നടപടിയ്‌ക്കൊ സർക്കാർ തയ്യാറായിട്ടില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെയ്‌ക്കണമെന്ന ആവശ്യം പല പ്രതിപക്ഷ പാർടികളും ഉയർത്തി.
പതിവ് അവകാശവാദങ്ങളാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ ഇനിയും അവസാനിച്ചിട്ടില്ലെന്ന പ്രചാരണം സംഘപരിവാർ കേന്ദ്രങ്ങളും നടത്തുന്നുണ്ട്. എന്നാൽ ഇതൊന്നും പൊലീസിനും ഇന്റലിജൻസ് ഏജൻസികൾക്കുമുണ്ടായ വീഴ്‌ചയെ മറച്ചുവെയ്‌ക്കാൻ പര്യാപ്‌തമല്ല.
ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥ
ബിജെപിയുടെ ഭരണകാലത്ത് രാജ്യത്ത് സംഭവിച്ച പ്രധാന ഭീകരാക്രമണങ്ങളും ചർച്ചയായി. 2000 ഡിസംബറിൽ എ ബി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ചെങ്കോട്ടയ്‌ക്ക് നേരെ ആദ്യ ആക്രമണമുണ്ടാകുന്നത്. മൂന്നുപേർ കൊല്ലപ്പെട്ടു. ജമ്മു–കശ്‌മീർ നിയമസഭാ സമുച്ചയത്തിന് നേരെയുള്ള ചാവേർ കാർ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടതും 2001 ഒക്‌ടോബറിൽ ബിജെപി ഭരണകാലത്താണ്. രാജ്യത്തിന് നാണക്കേടായി മാറിയ പാർലമെന്റ് ആക്രമണവും അക്കാലത്തായിരുന്നു. അന്ന് ഏഴു പേർ കൊല്ലപ്പെട്ടു. 2002 സെപ്‌തംബറിൽ ഗുജറാത്തിലെ അക്ഷർദാം ക്ഷേത്രം ആക്രമിച്ച് 31 പേരെ ഭീകരർ കൊലപ്പെടുത്തിയ ഘട്ടത്തിൽ നരേന്ദ്ര മോദിയായിരുന്നു മുഖ്യമന്ത്രി. 2003 ആഗസ്‌തിൽ മുംബൈയിൽ 52 പേർ കൊല്ലപ്പെട്ട ഭീകരാക്രമണ ഘട്ടത്തിലും കേന്ദ്രം ഭരിച്ചത് ബിജെപിയാണ്.
2014 ൽ മോദി അധികാരത്തിലെത്തിയ ശേഷവും ആക്രമണങ്ങൾ തുടർന്നു. ഗുർദാസ്‌പ്പുരിലും പത്താൻക്കോട്ടും നഗ്രോട്ടയിലും സൈനികത്താവളങ്ങൾ ഭീകരർ ആക്രമിച്ചു. ഉറിയിലെ സേനാത്താവളത്തിലേക്ക് 2015 സെപ്‌തംബറിൽ ഭീകരർ നടത്തിയ മിന്നലാക്രമണത്തിൽ 19 സൈനികരടക്കം 23 പേർ കൊല്ലപ്പെട്ടു. 2019 ഫെബ്രുവരിയിൽ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ കാർബോംബാക്രമണത്തിൽ 46 സൈനികരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏപ്രിലിൽ പഹൽഗാമിൽ ഭീകരർ നടത്തിയ വെടിവെയ്‌പ്പിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു.
വീഴ്‌ച മറയ്‌ക്കാൻ അസംബന്ധ സിദ്ധാന്തങ്ങള്‍
ഡൽഹിയെ നടുക്കിയ ഉഗ്രസ്‌ഫോടനത്തിന് കാരണമായ ഗുരുതര സുരക്ഷാവീഴ്‌ച മറച്ചുവയ്‌ക്കാൻ അസംബന്ധ സിദ്ധാന്തങ്ങളുമായി കേന്ദ്രഏജൻസികളും മുഖ്യധാരാമാധ്യമങ്ങളും. തിങ്കളാഴ്‌ച ചെങ്കോട്ടയ്‌ക്ക് സമീപം നടന്നത് ചാവേർ ആക്രമണമല്ലെന്നും പരിഭ്രാന്തനായ ഭീകരൻ ‘ഗത്യന്തരമില്ലാതെ നടത്തിയ പൊട്ടിത്തെറി’യാണെന്നും വരുത്തിത്തീർക്കാനാണ് നീക്കം. ഇന്റലിജൻസ്, സുരക്ഷാസംവിധാനങ്ങളുടെ പൂർണപരാജയമാണ് സ്‌ഫോടനത്തിന് കാരണമെന്ന് വ്യക്തമായ സാഹചര്യത്തിൽ ആഭ്യന്തരമന്ത്രാലയത്തെ വെള്ളപൂശാനാണ് പ്രചാരണം.
കേന്ദ്രഏജൻസികളുടെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ പറഞ്ഞെന്ന പേരിൽ ചില മോദിഅനുകൂല മാധ്യമങ്ങളാണ് ‘രക്ഷാപ്രവർത്തനം’ ഏറ്റെടുത്തത്. പ്രമുഖ മലയാള മാധ്യമങ്ങളും ഇതേറ്റുപിടിച്ചു.
സ്‌ഫോടനത്തിന് കാരണമായ ഐട്വന്റി കാറിൽ ഉമർ നബി തിങ്കളാഴ്‌ച 11 മണിക്കൂറോളം ഡൽഹിയിൽ കറങ്ങി. മൂന്നുമണിക്കൂറിലേറെ സമയം ചെങ്കോട്ടയ്‌ക്ക് സമീപം കാർ നിർത്തിയിട്ടു. പിടിയിലാകുമെന്ന് പരിഭ്രാന്തനായ ഒരാൾ ഇത്രയും ലാഘവത്തോടെ പെരുമാറുമോയെന്ന ചോദ്യത്തിന് മറുപടിയില്ല. ഡൽഹി പൊലീസിന്റെയും ഇന്റലിജൻസിന്റെയും കുറ്റകരമായ അനാസ്ഥയും അലംഭാവവുമാണ് ഉമറിന് സ്വൈരസഞ്ചാരത്തിന് അവസരമുണ്ടാക്കിയത്. ‘ഫരീദാബാദ് ഭീകരസംഘത്തിലെ’ മുഖ്യകണ്ണികളെ പിടികൂടിയിട്ടും അതേ സംഘത്തിലെ ഉമറിനെ പിടിക്കാനായില്ല.








0 comments