print edition മോദിയുടെ വാഗ്‌ദാനപ്പെരുമഴ തുടരുന്നു; പഴയ പ്രഖ്യാപനങ്ങൾ നടപ്പിലാക്കിയില്ല

ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗങ്ങളിൽ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുകയെന്ന പതിവ് തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടി യുവാക്കൾക്ക് എഐ പരിശീലനം, വിദ്യാർഥികൾക്ക് സൗജന്യ ഓൺലൈൻ കോച്ചിങ് തുടങ്ങിയവയാണ് ഇൗ വർഷത്തെ പ്രധാന പ്രഖ്യാപനങ്ങൾ. 2047 ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന ഉറപ്പ് ആവർത്തിച്ചു.
മോദി മുമ്പ് നടത്തിയ പല വമ്പൻ പ്രഖ്യാപനങ്ങളും വെറും ഗീർവാണങ്ങളായിരുന്നുവെന്ന് കണക്കുകൾ പറയുന്നു. കർഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുമെന്ന് 2016 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പറഞ്ഞു. പ്രഖ്യാപനം നടത്തി നാലുവർഷം പിന്നിടുമ്പോഴും കർഷകരുടെ ദുരിതത്തിന് അറുതിയായിട്ടില്ല. സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്‌ത മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്തണമെന്ന കർഷകസംഘടനകളുടെ ആവശ്യം അംഗീകരിക്കാനും കൂട്ടാക്കിയിട്ടില്ല.
2022 ഓടെ എല്ലാവർക്കും വീട് എന്ന പ്രഖ്യാപനം 2015 ൽ നടത്തി. എന്നാൽ രാജ്യത്ത് ഇപ്പോഴും ലക്ഷക്കണക്കിനാളുകൾ ഭവനരഹിതരായി തുടരുകയാണ്. ഭവനനിർമാണ പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് നൽകുന്നത് വെറും ഒന്നര ലക്ഷം രൂപ മാത്രമാണ്.
സമ്പൂർണ വൈദ്യുതീകരണമാണ് മറ്റൊരു പ്രഖ്യാപനം. 2015 ലെ പ്രസംഗത്തിലാണ് മോദി വൈദ്യുതീകരണ പ്രഖ്യാപനം നടത്തിയത്. എന്നാൽ ഇപ്പോഴും വൈദ്യുതി എത്താത്ത ഗ്രാമങ്ങൾ രാജ്യത്ത് നിരവധിയുണ്ട്. നഗരങ്ങളിലെ ഭവനരഹിതരായ ഇടത്തരക്കാർക്കും കുറഞ്ഞ വരുമാനക്കാർക്കും പലിശയിളവോടെ വായ്‌പ അനുവദിക്കുമെന്ന പ്രഖ്യാപനം 2023ൽ നടത്തി. വാടകവീടുകളിലും ചേരികളിലും അനധികൃത കോളനികളിലും കഴിയുന്നവർക്കായാണ് വായ്‌പാ പദ്ധതി പ്രഖ്യാപിച്ചത്. ഇതും വെറും വാക്കിലൊതുങ്ങി.










0 comments