അരോമ തുഴഞ്ഞുകയറി; 72-ാമത് നെഹ്റു ട്രോഫിയിൽ കന്നിക്കിരീടം

അരോമ ചുണ്ടൻ
ആലപ്പുഴ: പുന്നമടക്കായലിൽ ആവേശം നിറച്ച 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ അരോമ ചുണ്ടൻ ചാമ്പ്യന്മാരായി. കൊല്ലം അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടൻ ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് കിരീടം സ്വന്തമാക്കിയത് . അരോമയുടെ ചരിത്രത്തിലെ ആദ്യ നെഹ്റു ട്രോഫി കിരീടമാണിത്. ഈ വർഷത്തെ ചമ്പക്കുളം മൂലം വള്ളം കളിയിലും അരോമ ചാമ്പ്യന്മാരായിരുന്നു
ഫൈനലിൽ ട്രാക്ക് മൂന്നിലാണ് അരോമ ചുണ്ടൻ മത്സരിച്ചത്. ട്രാക്ക് ഒന്നിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടനും, ട്രാക്ക് രണ്ടിൽ യൂബിസി കൈനകരി എഫ്‌സി തുഴഞ്ഞ വീയപുരം ചുണ്ടനും, ട്രാക്ക് നാലിൽ പി ബി സി പുന്നമട തുഴഞ്ഞ നടുഭാഗം വള്ളവുമാണ് അരോമയ്ക്കൊപ്പം കിരീടത്തിനായി പോരാടിയത്.
കിരീടം സ്വന്തമാക്കിയ അരോമ ചുണ്ടൻ 4 മിനിറ്റ് 23.328 സെക്കൻഡിൽ തുഴഞ്ഞുകയറി. നടുഭാഗം 4:23.448 മിനിറ്റിൽ രണ്ടാം സ്ഥാനവും, വീയപുരം 4.23.770 ൽ മൂന്നാം സ്ഥാനവും, മേൽപ്പാടം 4.24.015ൽ നാലാം സ്ഥാനവും നേടി.
ഹീറ്റ്സിലെ സമയത്തിന്റെ അടിസ്ഥാനത്തിൽ മേൽപ്പാടം ചുണ്ടനായിരുന്നു ഏറ്റവും വേഗതയേറിയത്, 4 മിനിറ്റ് 15.492 സെക്കൻഡായിരുന്നു സമയം. നടുഭാഗം 4.16.976ലും വീയപുരം 4:20.666ലും അരോമ 4:26.522ലുമാണ് ഹീറ്റ്സ് പൂർത്തിയാക്കിയത്.
എന്നാൽ ഫൈനലിൽ കണക്കുകൾ മാറ്റിമറിച്ച് അരോമ ചുണ്ടൻ ജലരാജാവായി. കന്നിക്കിരീടത്തിനായുള്ള പോരാട്ടത്തിൽ വിജയിച്ച് നെഹ്റു ട്രോഫിയുടെ ചരിത്രത്തിൽ അരോമ സ്വന്തം പേര് എഴുതിച്ചേർത്തു.
ഫൈനലിന് മുമ്പുള്ള പോരാട്ടങ്ങളിലും ആവേശം നിറഞ്ഞ മത്സരങ്ങളാണ് നടന്നത്. മൂന്നാം ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് പാണ്ടി ചുണ്ടൻ വിജയിയായി. രണ്ടാം ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ തലവടി ചുണ്ടൻ വിജയിച്ചു. ലൂസേഴ്സ് ഫൈനലിൽ നിരണം ചുണ്ടനും വിജയം സ്വന്തമാക്കി.
ഇത്തവണ 71 വള്ളങ്ങളാണ് നെഹ്റു ട്രോഫിയിൽ മത്സരിച്ചത്. ഇതിൽ 22 ചുണ്ടൻ വള്ളങ്ങളുണ്ടായിരുന്നു. ചുരുളൻ, ഇരുട്ടുകുത്തി എ, ബി, സി, വെപ്പ് എ, ബി തുടങ്ങിയ വിഭാഗങ്ങളിലായാണ് മറ്റ് വള്ളങ്ങൾ മത്സരിച്ചത്.
അരോമയുടെ കിരീടത്തോടെ ഇത്തവണത്തെ നെഹ്റു ട്രോഫിക്ക് പുതിയൊരു ചാമ്പ്യനെ ലഭിച്ചു. ഹീറ്റ്സിലെ പ്രകടനത്തിൽ നിന്ന് ഫൈനലിലെ കിരീടനേട്ടത്തിലേക്ക് പുന്നമടയിൽ അരോമ ചുണ്ടൻ കുറിച്ചത് ചരിത്രവിജയമാണ്








0 comments