ad
Deshabhimani

കെസിഎൽ; ട്രിവാൻഡ്രം റോയൽസിനെ 11 റൺസിന് വീഴ്ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്

kcl aries kollam sailors
വെബ് ഡെസ്ക്

Published on Aug 22, 2026, 07:00 PM | 2 min read

തിരുവനന്തപുരം: കെസിഎല്ലിൽ ട്രിവാൻഡ്രം റോയൽസിനെതിരെ ഏരീസ് കൊല്ലം സെയിലേഴ്സിന് 11 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് മാത്രമാണ് നേടാനായത്. അർധ സെഞ്ചുറിയുമായി സെയിലേഴ്സിന് വിജയമൊരുക്കിയ അരുൺ പൗലോസാണ് പ്ലെയർ ഓഫ് ദി മാച്ച്. സ്കോർ: ഏരീസ് കൊല്ലം സെയിലേഴ്സ് - 20 ഓവറിൽ 202/6, ട്രിവാൺഡ്രം റോയൽസ് - 20 ഓവറിൽ 191/7


അരുൺ പൗലോസിൻ്റെ വെടിക്കെട്ട് തുടക്കമാണ് കൊല്ലത്തിൻ്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. ടൂർണ്ണമെൻ്റിലെ ഏറ്റവും പ്രായമേറിയ താരം കൂടിയായ അരുൺ തകർപ്പൻ ബൗണ്ടറിയോടെയാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. 26 പന്തിൽ അർധസെഞ്ചുറി തികച്ച താരം 32 പന്തുകളിൽ നിന്ന് 62 റൺസാണ് നേടിയത്. ആറ് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു അരുണിൻ്റെ ഇന്നിങ്സ്. അരുണിൻ്റെ മികവിൽ 10.1 ഓവറിൽ കൊല്ലത്തിൻ്റെ സ്കോർ 100 കടന്നു.


തുടർന്ന് നായകൻ വത്സൽ ഗോവിന്ദും ആനന്ദ് കൃഷ്ണനും ചേർന്ന കൂട്ടുകെട്ടും കൊല്ലത്തിൻ്റെ സ്കോർ മുന്നോട്ടു നീക്കി. വത്സൽ ഗോവിന്ദ് 43ഉം ആനന്ദ് കൃഷ്ണൻ 35ഉം റൺസെടുത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച അജിനാസിന്റെയും അർജുൻ വേണുഗോപാലിന്റെയും ഇന്നിങ്സുകളാണ് കൊല്ലത്തിൻ്റെ സ്കോർ 200 കടത്തിയത്. അജിനാസ് ഏഴ് പന്തുകളിൽ 16 റൺസും അർജുൻ ആറ് പന്തുകളിൽ 17 റൺസും നേടി. ട്രിവാൻഡ്രം റോയൽസിനു വേണ്ടി രാഹുൽ ചന്ദ്രനും എം നിഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാൻഡ്രം റോയൽസിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാർ നൽകിയത്. അഭിഷേക് പി നായരും കൃഷ്ണപ്രസാദും ചേർന്ന് ഒന്നാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്തു. 25 റൺസെടുത്ത അഭിഷേക് പുറത്തായെങ്കിലും പകരമെത്തിയ വിഷ്ണു വിനോദുമായി ചേർന്ന് ക്യാപ്റ്റൻ കൃഷ്ണപ്രസാദ് അതിവേഗം ഇന്നിങ്സ് മുന്നോട്ടു നീക്കി. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 48 റൺസ് പിറന്നു. 26 റൺസെടുത്ത വിഷ്ണു വിനോദിനെ പുറത്താക്കി കെ ജി അഖിലാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.


കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടും റോയൽസിന് പ്രതീക്ഷ നൽകി. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരും പുറത്തായത് തിരിച്ചടിയായി. റോയൽസിൻ്റെ മറുപടി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൽ വസാനിച്ചു. കൃഷ്ണപ്രസാദ് 53ഉം ഗോവിന്ദ് പൈ 32 റൺസുമാണ് നേടിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെ ജി അഖിലാണ് കൊല്ലം ബൗളിങ് നിരയിൽ തിളങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home