മംഗലാപുരം മേഖല പാലക്കാടുനിന്ന് മാറ്റാനുള്ള തീരുമാനം അനീതി; ഉടൻ പിൻവലിക്കണം: ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി : പാലക്കാട് ഡിവിഷനിൽ നിന്നും മംഗലാപുരം മേഖല മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ നീക്കം കേരളത്തോട് കാട്ടുന്ന കടുത്ത അനീതിയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. സതേൺ റെയിൽവേയിലെ പാലക്കാട് ഡിവിഷനു കീഴിലുള്ള ഉള്ളാൾ മുതൽ മംഗലാപുരം വരെയുള്ള ഭാഗമാണ് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പാലക്കാട് ഡിവിഷനെ തന്നെ തകർക്കുന്നതും കേരളത്തിന്റെ റെയിൽവേ വികസനത്തിന് കനത്ത തിരിച്ചടിയാകുന്നതുമാണ് റെയിൽവേ ബോർഡിന്റെ ഈ നീക്കം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ റെയിൽവേ ഡിവിഷനുകളിലൊന്നായ പാലക്കാട് ഡിവിഷൻ സംരക്ഷിക്കപ്പെടണമെന്ന് കത്തിൽ ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.
1956ൽ രൂപീകരിക്കുമ്പോൾ 1,247.58 റൂട്ട് കിലോമീറ്റർ അധികാരപരിധിയുണ്ടായിരുന്ന പാലക്കാട് ഡിവിഷൻ, പലപ്പോഴായി വിഭജിക്കപ്പെട്ട് ഇപ്പോൾ 582.7 റൂട്ട് കിലോമീറ്ററായി ചുരുങ്ങിയിരിക്കുകയാണ്. 2007ൽ സേലം ഡിവിഷൻ രൂപീകരിച്ചപ്പോഴാണ് ഏറ്റവും വലിയ നഷ്ടം പാലക്കാട് ഡിവിഷന് ഉണ്ടായത് - ഏകദേശം 550 റൂട്ട് കിലോമീറ്റർ. നിലവിൽ രാജ്യത്തെ ഏറ്റവും ചെറിയ പത്ത് റെയിൽവേ ഡിവിഷനുകളിലൊന്നായ പാലക്കാടിന്റെ നിലനിൽപ്പ് പുതിയ വിഭജനത്തോടെ കൂടുതൽ ദുർബലമാകും.
ഇപ്പോൾ പാലക്കാട് ഡിവിഷന്റെ ചരക്ക് വരുമാനത്തിന്റെ 90 ശതമാനത്തിലധികവും ആകെ വരുമാനത്തിന്റെ പകുതിയിലധികവും ലഭിക്കുന്നത് മംഗലാപുരം മേഖലയിൽ നിന്നാണ്. ഈ ഭാഗം കൈമാറുന്നതോടെ ഡിവിഷന് പ്രതിവർഷം 1,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. മംഗലാപുരം തുറമുഖവുമായി ബന്ധപ്പെട്ട വലിയ തോതിലുള്ള ചരക്കുനീക്കം കൈകാര്യം ചെയ്യുന്ന പനംബൂർ ഫ്രൈറ്റ് ആൻഡ് മാർഷലിംഗ് യാർഡ് നഷ്ടപ്പെടുന്നത് ഡിവിഷന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. കൂടാതെ, മതിയായ 'പിറ്റ്‌ലൈൻ' സൗകര്യങ്ങൾ ഇല്ലാതാകുന്നതോടെ പുതിയ ട്രെയിനുകൾ ആരംഭിക്കുന്നതിനും തിരക്കുള്ള സമയങ്ങളിൽ പ്രത്യേക സർവീസുകൾ നടത്തുന്നതിനും സാധിക്കാതെ വരും. ഇതോടെ കേരളം അയൽ സംസ്ഥാനങ്ങളിലെ ഡിവിഷനുകളെ കൂടുതൽ ആശ്രയിക്കേണ്ട അവസ്ഥയിലാകും.
സേലം ഡിവിഷൻ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ പ്രതിഷേധങ്ങളുടെ വെളിച്ചത്തിലായിരുന്നു കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയുടെ പ്രഖ്യാപനം കേന്ദ്രം നടത്തിയത്. എന്നാൽ 2012ൽ തറക്കല്ലിട്ട കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി 2026 ജൂലൈ 31ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എം.പിക്ക് നൽകിയ മറുപടിയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുട്ടടിയായി പാലക്കാട് ഡിവിഷൻ വീണ്ടും വെട്ടിമുറിക്കുന്നത്. സംസ്ഥാന സർക്കാർ, കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ, റെയിൽവേ ജീവനക്കാർ, മറ്റു ബന്ധപ്പെട്ടവർ എന്നിവരുമായി കൂടിയാലോചനകൾ നടത്താതെ തീരുമാനമെടുത്തത് പ്രതിഷേധാർഹമാണ്.
പാലക്കാട് ഡിവിഷന്റെ ഭാഗമായി നിലനിർത്തിക്കൊണ്ടുതന്നെ, മംഗലാപുരത്തിനെ ഒരു പ്രധാന റെയിൽവേ കേന്ദ്രമായി വികസിപ്പിക്കാനും അവിടുത്തെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാനും റെയിൽവേയ്ക്ക് സാധിക്കും. മംഗലാപുരം മേഖലയ്ക്ക് ഏറ്റവും കൂടുതൽ റെയിൽ കണക്റ്റിവിറ്റി ആവശ്യകമുള്ളത് കേരളവുമായാണ്. കോഴിക്കോട്- മംഗലാപുരം മേഖലയിൽ രണ്ട് വന്ദേ ഭാരത് ഉൾപ്പെടെ 47 ജോഡി ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. യാത്രാക്കാരുടെ ആവശ്യം പരിഗണിച്ച് മംഗലാപുരം- തിരുവനന്തപുരം വന്ദേ ഭാരതിന്റെ ശേഷി 20 കോച്ചുകളാക്കി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മംഗലാപുരം - കാസർഗോഡ്- ഷൊർണൂർ മൂന്നാം പാതയുടെ ഡിപിആർ തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കവേ, ഈ ഭരണപരമായ വിഭജനം കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിക്കും.
പ്രത്യേക റെയിൽവേ സോൺ ഉൾപ്പെടെയുള്ള കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങളോ മുൻകാല വാഗ്ദാനങ്ങളോ നിറവേറ്റപ്പെടാത്ത സാഹചര്യത്തിലാണ് പാലക്കാട് ഡിവിഷൻ വീണ്ടും വെട്ടിമുറിക്കുന്നത്. ഈ സാഹചര്യത്തിൽ, ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുത്താൻ ഉദ്ദേശിക്കുന്ന ഈ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും ജോൺ ബ്രിട്ടാസ് എംപി കത്തിൽ ആവശ്യപ്പെട്ടു.









0 comments