ഒടുവിൽ മോദി മണിപ്പുരിലേക്ക് ; കലാപത്തിലേക്ക് നയിച്ചതും ആളിക്കത്തിച്ചതും ബിജെപി
എന്തിനാ ഇനി പോയിട്ട് ; പ്രധാനമന്ത്രി എത്തുന്നത് 27 മാസത്തിനുശേഷം

എം പ്രശാന്ത്
Published on Sep 13, 2025, 03:10 AM | 2 min read
ന്യൂഡൽഹി
ബിജെപി ഭരണത്തിൽ കലാപഭൂമിയായ മണിപ്പുർ 27 മാസത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്‌ച സന്ദർശിക്കും. കുക്കി സ്വാധീന മേഖലയായ ചുരാചന്ദ്‌പ്പുരും മെയ്‌ത്തീ സ്വാധീന മേഖലയായ ഇംഫാലുമാണ് മോദി സന്ദർശിക്കുക. 2023 മേയിൽ മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ടശേഷം ഒരിക്കലും സംസ്ഥാനം സന്ദർശിക്കാൻ മോദി കൂട്ടാക്കിയിരുന്നില്ല. സമാധാനശ്രമങ്ങൾക്കും മുൻകൈയെടുത്തില്ല. മോദിയുടെ നിലപാടിനെ പ്രതിപക്ഷ പാർടികൾ നിശിതമായി വിമർശിച്ചിരുന്നു.
ഏറെ വൈകിയുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം മണിപ്പുരിന് പ്രതീക്ഷയോ ആശ്വാസമോ പകരുന്നില്ല. തന്ത്രപ്രധാന അതിർത്തി സംസ്ഥാനമായ മണിപ്പുരിനെ ബിജെപി സർക്കാർ കലാപത്തിലേക്ക് തള്ളിവിട്ടത് 2023 മേയിലാണ്. ബീരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ച പക്ഷപാതപരമായ സമീപനം സ്ഥിതിഗതി വഷളാക്കി. ഇരുന്നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകൾക്ക് പരിക്കേറ്റു. അറുപതിനായിരത്തോളം പേർ ഭവനരഹിതരായി.
കുക്കി– മെയ്‌ത്തീ വംശീയസംഘർഷത്തിന് പലപ്പോഴും വർഗീയമാനവും കൈവന്നു. നാനൂറോളം ക്രൈസ്‌തവ പള്ളികൾ തകർക്കപ്പെട്ടു. കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകൾ കലാപകാരികൾ ലക്ഷ്യമിട്ടു. ഇപ്പോഴും മണിപ്പുർ ശാന്തമായിട്ടില്ല. കുക്കി സ്വാധീന മേഖലകളും മെയ്‌ത്തീ മേഖലകളും രണ്ടായി വിഭജിക്കപ്പെട്ട നിലയിലാണ്.
മെയ്‌ത്തീ ലീപുൺ, ആരംബായ് തെങ്കോൽ എന്നീ രണ്ട് മെയ്‌ത്തീ യുവജനസംഘടനകളെ എടുത്തുപറയേണ്ടതുണ്ട്. സംഘപരിവാർ മാതൃകയിലാണ് രണ്ടിന്റെയും പ്രവർത്തനം. മുഖ്യമന്ത്രി ബീരേൻ സിങ്ങും മണിപ്പുർ രാജകുടുബാംഗവും ബിജെപിയുടെ രാജ്യസഭാംഗവുമായ സനജോബ ലീഷെംബയുമാണ് രണ്ട് സംഘടനകളുടെയും മാർഗദർശികൾ. ഇംഫാൽ താഴ്‌വരയിൽ കുക്കി വിദ്വേഷം ആളിപടർത്തിയതും കലാപത്തിന് നേതൃത്വം നൽകിയതും ഇൗ രണ്ട് സംഘടനകളാണ്.
പക്ഷപാതിത്വം വെളിപ്പെട്ടിട്ടും ബീരേൻ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ പ്രധാനമന്ത്രിയോ ബിജെപി നേതൃത്വമോ തയ്യാറായില്ല. തുടക്കത്തിൽ തന്നെ കേന്ദ്രസർക്കാർ കർക്കശ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ കലാപം നിയന്ത്രിക്കാമായിരുന്നു. പ്രതിപക്ഷ പാർടികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും മണിപ്പുരിലേക്ക് തിരിഞ്ഞുനോക്കാൻ മോദി തയാറായില്ല. പാർലമെന്റിൽപോലും മോദി പ്രതികരിച്ചില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണിപ്പുരിലെ രണ്ടു സീറ്റിലും ബിജെപി തോറ്റു. കലാപം തുടങ്ങി രണ്ടുവർഷത്തിനുശേഷം ബീരേൻ സിങ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചെങ്കിലും ആഭ്യന്തര സാഹചര്യം മോശമായി തുടരുകയാണ്.
ആദ്യം മിസോറമില്‍
മിസോറമിലെ ഐസ്വാളിലാണ് മോദി ആദ്യമെത്തുന്നത്. പകൽ 10ന് വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിക്കും. മിസോറമിനെ ഇന്ത്യയുടെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബെയ്‌രാബി–സായ്‌രങ് പാതയാണ് പ്രധാനം. 12.30നാണ് ചുരാചന്ദ്‌പുരിലെത്തുക. 2.30ന് ഇംഫാലിൽ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കും. പൊതുയോഗത്തിലും സംസാരിക്കും. കലാപത്തിൽ ഭവനരഹിതരായവരുമായി രണ്ടിടത്തും പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും.
അസമിലെത്തുന്ന മോദി ഗുവാഹത്തിയിൽ ഗായകൻ ഭൂപൻ ഹസാരികയുടെ ജന്മവാർഷിക ചടങ്ങിൽ പങ്കാളിയാകും. ഞായറാഴ്‌ച അസമിലെ ദാരങ്ങും ദമാലിഘട്ടും തിങ്കളാഴ്‌ച ബംഗാളും ബിഹാറും സന്ദർശിക്കും.
മണിപ്പുരിൽ പ്രതിഷേധം
മണിപ്പുരിൽ കലാപം ആളിക്കത്തിയപ്പോൾ തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇപ്പോഴത്തെ സന്ദർശനത്തോട് അതൃപ്‌തി പ്രകടമാക്കി മെയ്‌ത്തീ– കുക്കി സംഘടനകൾ. കുക്കി മേഖലയായ ചുരാചന്ദ്‌പുരിൽ മോദിയെ സ്വാഗതം ചെയ്‌തുള്ള കമാനങ്ങളും ബോർഡുകളും ജനങ്ങൾ തല്ലിതകർത്തു. ശനിയാഴ്‌ച മോദിയുടെ പരിപാടി നിശ്ചയിച്ചിട്ടുള്ള പീസ് ഗ്രൗണ്ടിൽനിന്ന് രണ്ടു കിലോമീറ്റർ മാറിയാണ് അക്രമമുണ്ടായത്. വാഹനവ്യൂഹം കടന്നുപോകുന്ന വഴിയിലെ ബോർഡുകളാണ് വടികളും മറ്റുമായെത്തിയ സംഘം അടിച്ചുതകർത്ത് തീയിട്ടത്. ഇൗ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. തുടർന്ന് ചുരാചന്ദ്‌പ്പുരിലും ഇംഫാലിലും സുരക്ഷ ശക്തമാക്കി.
ചുരാചന്ദ്‌പുരിലെ ചടങ്ങിനൊപ്പം നൃത്തപരിപാടി ഉൾപ്പെടുത്തിയതിനെതിരെ കുക്കി സംഘടനകൾ രംഗത്തുവന്നു. തങ്ങളുടെ ദുഃഖാചരണം കഴിഞ്ഞിട്ടില്ലെന്നും കണ്ണീർ വറ്റിയിട്ടില്ലെന്നും മുറിവുകൾ ഉണങ്ങിയിട്ടില്ലെന്നും അതുകൊണ്ടു നൃത്തം ചവിട്ടാനാകില്ലെന്നും കുക്കി നേതാക്കൾ പ്രതികരിച്ചു.
മോദിയുടെ സന്ദർശനത്തിന് മുമ്പ് തിരക്കിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുക്കി സായുധസംഘടനകളുമായി സമാധാന കരാറിൽ ഒപ്പിട്ടിരുന്നു. മെയ്‌ത്തീ വിഭാഗം ഇൗ നടപടിയിൽ ക്ഷുഭിതരാണ്. കുക്കി സ്വാധീന മേഖലകളെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതിനാൽ മോദിയുടെ സന്ദർശനത്തെ കുക്കി സംഘടനകളും പൂർണമായും സ്വാഗതം ചെയ്യുന്നില്ല.









0 comments