ഇന്ത്യ, ഇസ്രയേല്‍ ബന്ധം ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്ത’മായി ഉയർത്തി , സ്വതന്ത്ര വ്യാപാര കരാർ ഉടന്‍
print edition ഇസ്രയേലിന് കീഴടങ്ങി ഇന്ത്യ ; മോദിയുടെ പിന്തുണ ഗാസയിലെ വംശഹത്യക്ക്

ന്യൂഡൽഹി
ഗാസയിൽ മുക്കാൽ ലക്ഷത്തോളംപേരെ കൊന്നൊടുക്കി ഇസ്രയേൽ തുടരുന്ന വംശഹത്യാ നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാസയിലെ കൂട്ടക്കുരുതിയെ പാശ്ചാത്യ രാഷ്‌ട്രങ്ങൾപോലും തള്ളിപ്പറയുമ്പോഴാണ് മോദിയുടെ ഐക്യദാർഢ്യ പ്രഖ്യാപനം. നിങ്ങൾക്കൊപ്പം നിലയുറപ്പിക്കുന്നുവെന്ന് ഇസ്രയേൽ പാർലമെന്റിലെ പ്രസംഗത്തിൽ മോദി അറിയിച്ചു. നിലപാടിൽ ഭാവിയിലും മാറ്റമുണ്ടാകില്ലെന്നും പറഞ്ഞു.
2023 ഒക്‌ടോബറിലെ ഹമാസ് ആക്രമണത്തെ അപലപിച്ച മോദി, ഗാസയിൽ ഇസ്രയേൽ തുടരുന്ന നരഹത്യയെക്കുറിച്ച് മിണ്ടിയില്ല. ഇന്ത്യയെയും ഇസ്രയേലിനെയും വിശേഷിപ്പിച്ചത് ‘പരസ്‌പരവിശ്വാസമുള്ള പങ്കാളി രാഷ്‌ട്രങ്ങൾ’ എന്നാണ്. ഇന്ത്യ, ഇസ്രയേല്‍ ബന്ധം ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്ത’മായി ഉയർത്തിയെന്നും പ്രഖ്യാപിച്ചു. 2017-ലാണ് ഈ ബന്ധം ‘തന്ത്രപരമായ പങ്കാളിത്ത’മായി ഉയർത്തിയത്. ഇരുരാജ്യവും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ വേഗത്തിലാക്കാന്‍ തീരുമാനിച്ചെന്നും ഇസ്രയേലില്‍നിന്ന് മടങ്ങുംമുമ്പ് മോദി പ്രഖ്യാപിച്ചു.
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് സ്വതന്ത്രമായ ഘട്ടംമുതൽ പലസ്‌തീൻ ജനതയുടെ സ്വയംനിർണയ അവകാശത്തിനൊപ്പമാണ് ഇന്ത്യ നിലയുറപ്പിച്ചത്. സ്വതന്ത്ര രാഷ്‌ട്രമായി പലസ്‌തിനെ ഇന്ത്യ അംഗീകരിച്ചു. ഐക്യരാഷ്ട്ര സഭയില്‍ തുടർച്ചയായി പലസ്‌തീൻ അനുകൂല നിലപാടെടുത്തു. പതിറ്റാണ്ടുകളായി തുടരുന്ന പലസ്‌തീൻ അനുകൂല നയമാണ് ഇപ്പോൾ പൂർണമായും അട്ടിമറിച്ചത്.
പലസ്‌തീൻ അനുകൂല നിലപാടിൽനിന്ന് ഇന്ത്യ വ്യതിചലിച്ചുതുടങ്ങിയത് നരസിംഹറാവു പ്രധാനമന്ത്രിയായ കാലംമുതലാണ്. 1992 ലാണ് ഇസ്രയേലുമായി പൂർണമായ നയതന്ത്രബന്ധം ഇന്ത്യ സ്ഥാപിച്ചത്. ടെൽ അവീവിൽ ഇന്ത്യ എംബസി തുറന്നു. ഡൽഹിയിൽ എംബസി തുറക്കാൻ ഇസ്രയേലിനെ അനുവദിക്കുകയും ചെയ്‌തു.










0 comments