ad
Deshabhimani

മോദിരാജിലെ എൻകൗണ്ടർ ഏജൻസികൾ - ഭാഗം 1

print edition ദാക്ഷിണ്യമില്ലാത്ത വേട്ടയാടലിന്റെ ഇര

modiraj encounter agencies
avatar
എം അഖിൽ

Published on Feb 01, 2026, 04:11 AM | 2 min read

ആത്മവിശ്വാസത്തോടെയും കരുതലോടെയും ഒരോ ചുവടുവെപ്പും നടത്തി സ്വന്തം ബിസിനസ്‌ സാമ്രാജ്യം കെട്ടിപ്പൊക്കിയ കോൺഫിഡന്റ്‌ ഗ്രൂപ്പ്‌ ചെയർമാൻ സി ജെ റോയിയെ ആദായനികുതി വകുപ്പ്‌ റെയ്‌ഡിനിടെ വെടിവെച്ചുമരിച്ച നിലയിൽ കണ്ടെത്തിയിട്ടും കേന്ദ്ര ഏജൻസികളുടെ കണ്ണിൽ ചോരയില്ലാത്ത വേട്ടയാടലുകൾക്ക്‌ എതിരെ കാര്യമായ വിമർശനങ്ങളോ ചോദ്യംചെയ്യലുകളോ ഉണ്ടായിട്ടില്ല. മോദി–അമിത്‌ഷാ ഭരണത്തിൽ കേന്ദ്രഏജൻസികളുടെ തേർവാഴ്‌ചകളെക്കുറിച്ച്‌ മിണ്ടിയാൽ അടുത്ത ‘ലക്ഷ്യം’ തങ്ങളാകുമെന്ന ഭീതിയിൽ മിക്ക ദേശീയ മാധ്യമങ്ങളും സി ജെ റോയിയുടെ മരണവാർത്ത വഴിപാട്‌ പോലെ റിപ്പോർട്ട്‌ ചെയ്‌തു.


ജീവനൊടുക്കുന്ന തലത്തിലേക്ക് സി ജെ റോയിയെ എത്തിച്ചത്‌ കേന്ദ്ര ഏജൻസിയാണെന്ന വസ്‌തുത വിളിച്ചുപറഞ്ഞാൽ മോദി സർക്കാർ പ്രതിപക്ഷ പാർടികളെയും രാഷ്‌ട്രീയ എതിരാളികളെയും വേട്ടയാടാനുള്ള ‘എൻക‍ൗണ്ടർ സ്‌പെഷലിസ്റ്റുകൾ’ ആക്കി മാറ്റിയ കേന്ദ്ര ഏജൻസികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വിസ്‌തരിക്കേണ്ടി വരും. കേന്ദ്ര ഏജൻസികളെ കാണിച്ച്‌ വിരട്ടി എത്ര രാഷ്‌ട്രീയ നേതാക്കളെയും എംഎൽഎമാരെയും എംപിമാരെയും ബിജെപി സ്വന്തം പാളയത്തിലെത്തിച്ചെന്നും എത്ര സംസ്ഥാന സർക്കാരുകളെ അട്ടിമറിച്ചെന്നും പറയേണ്ടി വരും. ഇലക്‌ടറൽ ബോണ്ട്‌ വഴി കോർപറേറ്റുകളെയും വ്യവസായ പ്രമുഖരെയും ബ്ലാക്ക്‌മെയിൽ ചെയ്‌ത്‌ ബിജെപി ഫണ്ടിലേക്ക്‌ ഉ‍ൗറ്റിയെടുത്ത ശതകോടികളുടെ കണക്കുകൾ വെളിപ്പെടുത്തേണ്ടി വരും. അതൊഴിവാക്കാൻ, സി ജെ റോയ്‌, കഫേ കോഫി ഡേ ഉടമ വി ജി സിദ്ധാർഥ തുടങ്ങിയവരുടെ ദ‍ൗർഭാഗ്യകരമായ മരണങ്ങൾ ദുരൂഹതയിൽ അവസാനിപ്പിക്കും!


​ആത്മാഭിമാനത്തിന്‌ 
ക്ഷതമേറ്റ്‌

​‘അദ്ദേഹം വലിയ അഭിമാനിയായിരുന്നു. അഭിമാനത്തിന്‌ ക്ഷതം പറ്റുന്നുണ്ടെന്ന തോന്നൽ അദ്ദേഹത്തിനുണ്ടായി. ഒരു തെറ്റും ചെയ്യാത്ത ആളാണെന്നാണ് ഞങ്ങൾ മനസ്സിലാക്കിയിട്ടുള്ളത്‌. സമ‍ൂഹത്തിനുവേണ്ടി അത്രയും പണം ചെലവിട്ട ആളാണ്‌. സൽപ്പേര്‌ നഷ്‌ടപ്പെടുമോ, സമൂഹത്തിലെ സ്ഥാനം പോകുമോ എന്നൊക്കെയുള്ള മാനസികക്ഷതം അദ്ദേഹത്തിനുണ്ടായി’സി ജെ റോയിയുടെ മരണവാർത്ത അറിഞ്ഞ പ്രമുഖ വ്യവസായി ഗോകുലം ഗോപാലൻ പ്രതികരിച്ചു. പരിധികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള ഗോകുലം ഗോപാലന്റെ ഇ‍ൗ പ്രതികരണം സത്യത്തിലേക്ക്‌ ചെറിയ വെളിച്ചം വീശുന്നു. റോയിയുടെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന ഇടപെടലുകൾ ആദായനികുതി ഉദ്യോഗസ്ഥരിൽ നിന്നുണ്ടായി. അഭിമാനം നഷ്‌ടപ്പെട്ട്‌ ജീവിക്കുന്നതിലും ഭേദം മരണമാണെന്ന തോന്നലിൽ അദ്ദേഹം എത്തി എന്നീ സൂചനകളാണ്‌ പ്രതികരണത്തിലുള്ളത്‌. ആദായനികുതി ഉദ്യോഗസ്ഥരാണ്‌ സഹോദരന്റെ മരണത്തിന്‌ കാരണമെന്ന്‌ റോയിയുടെ സഹോദരനും വ്യവസായിയുമായ സി ജെ ബാബു നിസ്സംശയം പ്രസ്‌താവിച്ചിട്ടുണ്ട്. പകൽ 11ന്‌ ഫോണിൽ വിളിച്ചപ്പോഴും ഒരു പ്രയാസവുമില്ലാതെ നന്നായി പെരുമാറിയ ആൾ റെയ്‌ഡിന്‌ പിന്നാലെ ആത്മഹത്യ ചെയ്‌തതിന്‌ പിന്നിൽ മറ്റ്‌ കാരണമൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.


ചൊൽപ്പടിക്ക്‌ നിന്നാൽ
‘പട്ടും വളയും’

​ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും രാഷ്‌ട്രീയ, സാന്പത്തിക താൽപര്യങ്ങൾക്ക്‌ അനുസൃതമായി നിലകൊണ്ടാൽ മാത്രമേ നിലനിൽപ്പുള്ളുവെന്ന അവസ്ഥയിലാണ്‌ രാജ്യത്തെ വ്യവസായ പ്രമുഖർ. നാഴികയ്‌ക്ക്‌ നാൽപത് വട്ടം ‘ഇ‍ൗസ്‌ ഓഫ്‌ ഡൂയിങ് ബിസിനസ്‌’ മന്ത്രം ഉരുക്കഴിക്കുന്ന മോദിയുടെ ഭരണത്തിനുകീഴിൽ ഒരോ വ്യവസായിയുടെയും തലയ്‌ക്ക്‌ മുകളിൽ ‘ഡെമോക്ലീസിന്റെ വാൾ’ തൂങ്ങിയാടുന്നുണ്ട്‌. കേന്ദ്രസർക്കാരിന്റെ ചൊൽപ്പടിക്ക്‌ നിന്നാല്‍ ‘പട്ടും വളയും’ വാങ്ങാമെന്ന് കാണിച്ചുകൊടുത്ത വ്യവസായികളില്‍ പ്രമുഖനാണ് ഹൈദരാബാദിലെ ‘അരബിന്ദോ ഫാർമ’ ഡയറക്‌ടർ പി ശരത്‌ചന്ദ്ര റെഡ്ഡി.


ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ 2022 നവംബർ 10ന്‌ ശരത്‌ചന്ദ്രറെഡ്ഡിയെ ഇഡി അറസ്റ്റ്‌ ചെയ്‌തു. നവംബർ 15ന്‌ അരബിന്ദോ ഫാർമ അഞ്ചുകോടിയുടെ ഇലക്‌ടറൽ ബോണ്ട്‌ വാങ്ങി. നവംബർ 21ന്‌ ബിജെപി അത്‌ കാശാക്കി. 2023 ജൂണിൽ ശരത്‌ചന്ദ്രറെഡ്ഡി കേസിൽ മാപ്പുസാക്ഷിയായി. 2023 നവംബറിൽ അരബിന്ദോ ഫാർമ 25 കോടിയുടെ മറ്റൊരു ബോണ്ട്‌ വാങ്ങി. 2021നും 2023നുമിടയിൽ അരബിന്ദോ ഫാർമയിൽ നിന്നും ബിജെപിക്ക്‌ ആകെ കിട്ടിയത് 34.5 കോടി. ഇതേ ശരത്‌ചന്ദ്ര റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി പിന്നീട്‌ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ്‌ കെജ്‌രിവാളിനെ അറസ്റ്റ്‌ ചെയ്‌തത്.

​
(തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home