സ്ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് മോദി; സുരക്ഷാ വീഴ്ചയിൽ മൗനം

തിമ്പു: ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് പറയുമ്പോഴും രാജ്യതലസ്ഥാനത്തെ സുരക്ഷാ വീഴ്ചയെക്കുറിച്ച് മൗനം പാലിച്ച് കേന്ദ്ര സർക്കാർ. ഭൂട്ടാനില്‍ പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഫോടനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്. ആക്രമണത്തെ ഗൗരവമായി കാണുന്നുവെന്നും ഗൂഡാലോചന നടത്തിയവരെ വെറുതെ വിടില്ലെന്നും മോദി പറഞ്ഞു.
’’സ്ഫോടനം അന്വേഷിക്കുന്ന ഏജൻസികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നമ്മുടെ അന്വേഷണ ഏജൻസികൾ ഈ ആക്രമണവുമായി ബന്ധപ്പെട്ട ആസൂത്രണത്തിന്റെ എല്ലാ വേരുകളും കണ്ടെത്തും. ആക്രമണത്തിന് ആസൂത്രണം നടത്തിയ ആരെയും വെറുതെ വിടില്ല. സ്ഫോടനത്തിനു കാരണക്കാരായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും’’– എന്നാണ് സ്ഫോടനത്തിന് ശേഷമുള്ള ആദ്യ പരസ്യ പ്രതികരണത്തിൽ മോദി പറഞ്ഞത്.
അതീവ സുരക്ഷയിലുള്ള ചെങ്കോട്ടയുടെ പരിസരത്താണ് തിങ്കളാഴ്ച സ്ഫോടനം നടന്നത്. ഓപ്പറേഷൻ സിന്ദുറിന് പിന്നാലെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് നിലനിൽക്കെയായിരുന്നു സ്ഫോടനം. അതീവ സുരക്ഷാ വീഴ്ചയാണ് ഡൽഹിയിലുണ്ടായത്. മോദി സർക്കാരിന്റെ ഭരണകാലത്ത് സുരക്ഷാവീഴ്ച കാരണം മാത്രം ഒട്ടനവധി ഭീകരാക്രമണങ്ങളാണ് രാജ്യത്തുണ്ടായത്. 40 സിആർപിഎഫുകാർ കൊല്ലപ്പെട്ട പുൽവാമ ആക്രമണവും 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംഭവിച്ച വലിയ വീഴ്ച തുറന്നുകാട്ടിയിരുന്നു.








0 comments