വീണ്ടും യുഎസ് വിധേയത്വം ; പരസ്‌പരം പുകഴ്‌ത്തി മോദിയും ട്രംപും

ന്യൂഡൽഹി
രാജ്യത്തിന്റെ ആത്മാഭിമാനം പണയംവച്ച് അമേരിക്കയോട് നയതന്ത്രതലത്തിൽ വീണ്ടും അടുക്കാൻ കേന്ദ്ര സർക്കാർ നീക്കം. നരേന്ദ്രമോദി എപ്പോഴും തന്റെ സുഹൃത്തായിരിക്കുമെന്നും അദ്ദേഹം മഹാനായ പ്രധാനമന്ത്രിയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുകഴ്‌ത്തിയതിന് പിന്നാലെ പ്രതികരണവുമായി മോദി രംഗത്തെത്തി. ട്രംപിന്റെ പ്രസ്‌താവനയെ അങ്ങേയറ്റം വിലമതിക്കുന്നുവെന്നും അദ്ദേഹത്തിന്റെ വികാരം പങ്കുവയ്‌ക്കുന്നുവെന്നും മോദി സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. ഭാവിയിലേക്ക് ഉൗന്നിയുള്ള സമഗ്രവും ആഗോളവുമായ തന്ത്രപരമായ പങ്കാളിത്തമാണ് ഇരുരാജ്യങ്ങൾക്കുമുള്ളതെന്നും മോദി പറഞ്ഞു.
അമേരിക്കയ്ക്ക് ഇന്ത്യയെ നഷ്ടമായെന്ന് സമൂഹമാധ്യമത്തിൽ പ്രതികരിച്ച് അധികം വൈകാതെയാണ് മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് നിലപാട് മാറ്റിയത്. ഇന്ത്യയെ നഷ്ടമായിട്ടില്ലെന്നും മോദിയുമായുള്ള സൗഹൃദം തുടരുമെന്നും ട്രംപ് പറഞ്ഞു. റഷ്യൻ എണ്ണ ഇന്ത്യ വാങ്ങുന്നതിൽ നിരാശയുണ്ട്. 50 ശതമാനം തീരുവയിലൂടെ അത് പ്രകടമാക്കി. മോദി മികച്ച പ്രധാനമന്ത്രിയാണ്. നിലവിൽ അദേഹം ചെയ്യുന്ന കാര്യങ്ങൾ തനിക്ക് ഇഷ്ടപ്പെട്ടതല്ല. ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും പ്രത്യേകബന്ധമാണുള്ളത്– ട്രംപ് പറഞ്ഞു.
ട്രംപിൽനിന്ന് ഒരു നല്ല വാക്ക് കിട്ടാൻ കാത്തിരുന്ന പോലെയായിരുന്നു മോദിയുടെ പ്രതികരണം. ശനി രാവിലെ സമൂഹമാധ്യമത്തിലൂടെ ട്രംപിന്റെ പുകഴ്‌ത്തലുകളെ മോദി സ്വാഗതംചെയ്‌തു. റഷ്യൻ എണ്ണ വാങ്ങുന്നതിലുള്ള അതൃപ്തി ട്രംപ് പരസ്യമായി പ്രകടിപ്പിച്ചിട്ടും അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയതിനെ വിമർശിക്കാൻ മോദി ധൈര്യപ്പെട്ടില്ല. ഉയർന്ന തീരുവ, അനധികൃത കുടിയേറ്റം, വിസാ നിയന്ത്രണങ്ങൾ എന്നിങ്ങനെ പല വിഷയങ്ങളിലും ഇന്ത്യയെ ദ്രോഹിക്കുന്ന സമീപനം അമേരിക്ക സ്വീകരിച്ചിട്ടും യുഎസ് വിധേയത്വത്തിൽ കുറവുമുണ്ടായിട്ടില്ലെന്ന് മോദി ആവർത്തിച്ച് തെളിയിക്കുകയാണ്. ചൈനയും റഷ്യയുമായി ചേർന്ന് രൂപപ്പെട്ട ഇന്ത്യയുടെ ഐക്യത്തിന് തുരങ്കംവയ്‌ക്കുന്ന നടപടിയായി ഇത് മാറും.








0 comments