വീണ്ടും ട്രംപിനോട് അടുക്കാൻ തിടുക്കപ്പെട്ട് മോദി

ന്യൂഡൽഹി
അമേരിക്ക പ്രഖ്യാപിച്ച 50 ശതമാനം പ്രതികാരത്തീരുവ രാജ്യത്തെ കയറ്റുമതി മേഖലയ്‌ക്കാകെ ഭീഷണിയായി തുടരുമ്പോഴും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വീണ്ടും സൗഹൃദത്തിന് തീവ്രശ്രമവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയും യുഎസുമായുള്ള വ്യാപാര ചർച്ചകൾ തുടരുകയാണെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചതിന് പിന്നാലെ ഇന്ത്യയും അമേരിക്കയും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണെന്ന് മോദി പ്രഖ്യാപിച്ചു.
‘ഇന്ത്യ–യുഎസ് പങ്കാളിത്തത്തിന്റെ അതിരുകളില്ലാത്ത സാധ്യതകളിലേക്ക് വ്യാപാര ചർച്ചകൾ വഴിതുറക്കുമെന്ന ആത്മവിശ്വാസമുണ്ട്. എത്രയും വേഗം ചർച്ചകൾ പൂർത്തീകരിക്കാനാണ് ശ്രമം. ട്രംപുമായി സംസാരിക്കാനും കാത്തിരിക്കുന്നു. ഇരുരാജ്യത്തെയും ജനങ്ങൾക്ക് കൂടുതൽ മികച്ചതും ക്ഷേമകരവുമായ ഭാവി ഉറപ്പുവരുത്താൻ ട്രംപുമായി യോജിച്ച് പ്രവർത്തിക്കും’– മോദി സമൂഹമാധ്യമത്തിൽ കുറിച്ചു.
തന്റെ നല്ല സുഹൃത്തായ മോദിയുമായി വരും ആഴ്‌ചകളിൽ സംസാരിക്കാൻ കാത്തിരിക്കുകയാണെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. ലോകരാജ്യങ്ങൾക്കുമേൽ അമേരിക്ക അടിച്ചേൽപ്പിച്ച തീരുവയുദ്ധം ഏതുവിധം കൈകാര്യം ചെയ്യണമെന്ന് ബ്രിക്‌സ് കൂട്ടായ്‌മ ചർച്ചചെയ്‌തതിന് പിന്നാലെയാണ് ട്രംപിന്റെ ഇടപെടൽ. ട്രംപിന്റെ നീക്കത്തിനായി കാത്തിരുന്നപോലായിരുന്നു മോദിയുടെ തിരക്കിട്ടുള്ള പ്രതികരണം.
ഇന്ത്യയെ അടർത്തിമാറ്റി ബ്രിക്‌സിനെയും ഷാങ്‌ഹായ് സഹകരണ സംഘടന(എസ്‌സിഒ)യെയും ദുർബലപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നത്.
ഇന്ത്യ– യുഎസ് വ്യാപാര ചർച്ചകൾ അഞ്ചുറൗണ്ട് പൂർത്തീകരിച്ച ശേഷമാണ് തടസ്സപ്പെട്ടത്. ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവയോടെ ചർച്ച ഴിമുട്ടി.








0 comments