മഹാറാലി, മോദിയുടെയും അമിത് ഷായുടെയും തട്ടിപ്പ് ഇനി നടക്കില്ലെന്ന രാജ്യത്തിന്റെ പ്രഖ്യാപനമായി : എം എ ബേബി

സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ചലോ ദില്ലി മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു
ഡൽഹി : നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഗ്യാനേഷ് കുമാറിന്റെയും തട്ടിപ്പുകൾ ഇനി ഇന്ത്യയിൽ നടക്കില്ലെന്ന് ജനലക്ഷങ്ങൾ ഒറ്റ ശബ്‌ദത്തിൽ പ്രഖ്യാപിച്ചതാണ് ചലോ ദില്ലി മഹാറാലിയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഗ്യാനേഷിനെ പുറത്താക്കാനും അസത്യത്തിന്റെ മഹാരാജാവായ നരേന്ദ്ര മോദിയുടെ കീഴിലുള്ള സംഘപരിവാർ ഭരണം തുടച്ചുമാറ്റാനുമുള്ള പോരാട്ടമാണ് ആരംഭിച്ചിരിക്കുന്നതെന്ന് രാംലീല മൈതാനിയിൽ മഹാറാലിയെ അഭിസംബോധന ചെയ്‌തു കൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു.
സത്യത്തെ മുന്നിൽ നിർത്തിയാണ് മഹാത്മഗാന്ധി സ്വാതന്ത്ര്യ സമരത്തെ മുന്നോട്ടു കൊണ്ടുപോയത്. മോദിയുടെ അസത്യങ്ങളിൽ നിന്നും ആർഎസ്‌എസിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ പോരാട്ടത്തിനാണ് ഇന്ന് രംലീല മൈതാനം സാക്ഷ്യംവഹിക്കുന്നത്. കള്ളംപറഞ്ഞ് മോദി രാജ്യത്തെ ജനങ്ങളെ നിരന്തരം വഞ്ചിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്നാണ് മോദി തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞത്. എന്നാൽ, കർഷക ആത്മഹത്യ ഇരട്ടിയാകുന്നതാണ് രാജ്യം കണ്ടത്.
മഹാത്മാഗാന്ധി, ജവഹർ ലാൽ നെഹ്‌റു, അംബേദ്‌കർ, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ മഹാരഥന്മാരുടെ വാക്കുകൾക്ക് രാംലീല മൈതാനം സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഭഗത് സിങ്ങിൽ നിന്ന് ആവേശം ഉൾക്കൊണ്ട യുവജനങ്ങളുടെ നിരവധി പോരാട്ടങ്ങൾക്കും ഇൗ വേദി സാക്ഷിയായിട്ടുണ്ട്. ഇന്ത്യയുടെ പുതിയൊരു പോരാട്ടത്തിനു കൂടി ഇന്ന് ഇൗ മണ്ണിൽ തുടക്കമിട്ടിരിക്കുകയാണ്.
വോട്ട് മോഷണം അവസാനിപ്പിക്കാനും ജനാധിപത്യം സംരക്ഷിക്കാനും മനുവാദികളെ തൂത്തെറിയാനുമുള്ള അതിശക്തമായ പോരാട്ടമാണ് ആരംഭിച്ചിരിക്കുന്നത്. സിപിഐഎമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ആ പോരാട്ടത്തിന്റെ മുൻനിരയിലുണ്ടാകും– എംഎ ബേബി പറഞ്ഞു.
മോദിയുടേത് കള്ളന്മാരുടെ സർക്കാരാണെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താനുള്ള നീക്കം വിലപ്പോകില്ല. ഗ്യാനേഷ് കുമാറിനെ പുറത്താക്കണം. കേന്ദ്ര സർക്കാരിന്റെ അനീതികൾക്കെതിരെ നിരന്തരം പ്രക്ഷോഭം നടത്തുമെന്നും ഖാർഗെ വ്യക്തമാക്കി.









0 comments