ad
Deshabhimani

print edition ആണവോർജമേഖല മോദി തുറന്നിട്ടു: സ്വകാര്യ ആണവ കമ്പനിയുമായി അദാനി

adani group
വെബ് ഡെസ്ക്

Published on Feb 15, 2026, 12:00 AM | 1 min read

ന്യൂഡൽഹി: തന്ത്രപ്രധാനമായ ആണവോർജ മേഖലയെ കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിച്ചതിന്‌ പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്‌തനായ വ്യവസായി ഗ‍ൗതം അദാനി ആണവോർജ കമ്പനിക്ക്‌ തുടക്കമിട്ടു. അദാനി പവറിന്റെ ഉപകമ്പനിയെന്ന നിലയിൽ അദാനി ആറ്റോമിക്ക്‌ എനർജി എന്ന പേരിലാണ്‌ കമ്പനി ലിസ്‌റ്റ്‌ ചെയ്‌തത്‌. ആണവോർജത്തിലൂടെയുള്ള വൈദ്യുതി ഉൽപ്പാദനത്തിനൊപ്പം കൈമാറ്റവും വിതരണവും അദാനി ആറ്റോമിക്ക്‌ എനർജി ഏറ്റെടുക്കും.


കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ പാർലമെന്റ്‌ പാസാക്കിയ "ശാന്തി നിയമ'ത്തിലൂടെയാണ്‌ മോദി സർക്കാർ ആണവോർജ മേഖലയെ സ്വകാര്യവൽക്കരിച്ചത്‌. ഒപ്പം 45 ശതമാനം വിദേശനിക്ഷേപവും അനുവദിച്ചു. അമേരിക്കയിൽ പ്രതിസന്ധിയിലായ ആണവോർജ കമ്പനികൾക്ക്‌ ഇന്ത്യയെ പുതിയ വിപണിയാക്കുന്നതിന് ട്രംപ്‌ സർക്കാരിന്റെ സമ്മർദത്തെ തുടർന്നാണ് തിരക്കിട്ട്‌ നിയമം ബിജെപി സർക്കാർ പാസാക്കിയത്‌. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക്‌ ചുമത്തിയ 50 ശതമാനം തീരുവ കുറയ്‌ക്കുന്നതിനായി ട്രംപ്‌ സർക്കാർ മുന്നോട്ടുവച്ച പല ഉപാധികളിലൊന്നായിരുന്നു ഇത്.


സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി എത്തുന്ന വിദേശ റിയാക്ടർ കമ്പനികളെ ആണവബാധ്യതയുടെ ഉത്തരവാദിത്തത്തിൽനിന്ന്‌ ഒഴിവാക്കുകയും ചെയ്‌തു. ആണവദുരന്തം സംഭവിച്ചാൽ റിയാക്ടറുടെ നിർമാതാക്കളായ വിദേശകമ്പനികൾക്ക്‌ യാതൊരു ബാധ്യതയുമുണ്ടാകില്ല.


ആണവോർജ മേഖലയുടെ സ്വകാര്യവൽക്കരണത്തിന്‌ പിന്നാലെ ടാറ്റ, ജെഎസ്‌ഡബ്ല്യു കമ്പനികളും ആണവ കമ്പനികൾക്ക്‌ രൂപം നൽകിയിട്ടുണ്ട്‌. നിലവിൽ ആണവോർജത്തിൽ നിന്നുള്ള രാജ്യത്തെ വൈദ്യുതി ഉൽപ്പാദനം ഒമ്പത്‌ ജിഗാവാട്ട്‌ മാത്രമാണ്‌. 2047 ഓടെ ഉൽപ്പാദനം 100 ജിഗാവാട്ടായി ഉയർത്തുമെന്ന്‌ അവകാശപ്പെട്ടാണ്‌ സർക്കാരിന്റെ സ്വകാര്യവൽക്കരണ നടപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home