print edition വന്ദേ മാതരം വെട്ടിമുറിച്ച്‌ 
വിഭജനത്തിന്‌ വിത്തിട്ടെന്ന്‌ പ്രധാനമന്ത്രി ; 150–ാം വാർഷിക വേളയിൽ വിവാദം

Narendra Modi.jpg
വെബ് ഡെസ്ക്

Published on Nov 08, 2025, 02:58 AM | 1 min read


ന്യ‍ൂഡൽഹി

ഇന്ത്യയുടെ ദേശീയ ഗീതമായ ‘വന്ദേ മാതര’ത്തിന്റെ 150–ാം വാർഷിക ആഘോഷ വേളയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തെ തുടർന്ന്‌ രാഷ്‌ട്രീയ വിവാദം. ‘വന്ദേ മാതര’ത്തിലെ ചില പ്രധാന വരികൾ 1937ൽ വെട്ടിമാറ്റിയെന്നും ഇത്‌ ഇന്ത്യാ വിഭജനത്തിന്‌ വിത്തുകൾ പാകിയെന്നും മോദി പറഞ്ഞു. ആഘോഷ പരിപാടി ഉദ്‌ഘാടനംചെയ്ത്‌ സംസാരിക്കവെയാണ്‌ കോൺഗ്രസിലെ ലക്ഷ്യമിട്ടുള്ള മോദിയുടെ പ്രതികരണം. നെഹ്‌റു കോൺഗ്രസ്‌ പ്രസിഡന്റായിരിക്കെ ഗീതത്തിന്റെ വളരെ ചെറിയൊരു പതിപ്പ്‌ മാത്രമേ സ്വീകരിച്ചുള്ളുവെന്നും ദുർഗാ ദേവിയെ സ്‌തുതിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയെന്നും ബിജെപി ദേശീയ വക്താവ്‌ സി ആർ കേശവൻ എക്‌സിൽ കുറിച്ചു.


പ്രധാനമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയ്‌റാം രമേശ്‌ രംഗത്തെത്തി. ടാഗോറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ 1937ൽ വന്ദേ മാതരത്തിന്റെ ആദ്യ രണ്ട്‌ ചരണങ്ങൾ സ്വീകരിച്ചത്‌. ഗുരുദേവ്‌ (ടാഗോർ) ‘വിഘടിത പ്രത്യയശാസ്‌ത്രം’ വളർത്തിയെന്നാണ്‌ പ്രധാനമന്ത്രി ഇപ്പോൾ ആരോപിക്കുന്നത്‌. ലജ്ജാകരമായ പ്രസ്താവനയാണിത്. നിരുപാധികം മാപ്പ്‌ പറയാൻ ഇന്ത്യയിലെ ജനങ്ങൾ ആവശ്യപ്പെടുന്നു.– ജയ്‌റാം രമേശ്‌ എക്‌സിൽ കുറിച്ചു.


ആർഎസ്‌എസ്സും ബിജെപിയും ഒരിക്കൽപോലും വന്ദേമാതരമോ ദേശീയ ഗാനമായ ജനഗണ മനയോ അവരുടെ ശാഖകളിലും ഓഫീസുകളിലും ആലപിച്ചിട്ടില്ല. – കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home