print edition എഥനോളൊഴിച്ച് വണ്ടിയോടിക്കും; പ്രതിഷേധം മാനിക്കാതെ കേന്ദ്രസര്ക്കാര്

Representative Image | AI

സ്വന്തം ലേഖകൻ
Published on Oct 27, 2026, 01:01 AM | 1 min read
ന്യൂഡൽഹി: പെട്രോളിലെ എഥനോൾ അളവ് വർധിപ്പിക്കാൻ നടപടി തുടർന്ന് മോദി സർക്കാർ. ഇ100 പെട്രോളിൽ (ഏറെക്കുറേ പൂർണമായും എഥനോൾ) ഓടാനാവുന്ന മിശ്രിത ഇന്ധന വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതി നൽകി കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തി. റോഡുഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. എഥനോൾ കലർത്തിയ പെട്രോളിനെതിരായ പ്രതിഷേധം മാനിക്കാതെയാണ് കേന്ദ്രനീക്കം.
ഇ20 തൊട്ട് ഇ100 വരെയുള്ള എഥനോൾ മിശ്രിത പെട്രോൾ അത്തരം ഇന്ധനത്തിന്റെ ഉപയോഗം സാധ്യമായ വാഹനങ്ങൾക്ക് മാത്രമായിരിക്കുമെന്നാണ് റോഡുഗതാഗത മന്ത്രാലയത്തിന്റെ വിശദീകരണം. ഇൗ നിലയിൽ രൂപകൽപ്പനചെയ്ത അംഗീകൃത വാഹനങ്ങളിൽ മാത്രമാണ് ഇ20 ന് മുകളിൽ എഥനോൾ മിശ്രിത പെട്രോൾ ഉപയോഗിക്കുകയെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വാഹനങ്ങളുടെ തരംതിരിവ് പരിഗണനകളിലും ഇന്ധന ഉപയോഗ രീതിയിലും സാങ്കേതിക മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയ ഭേദഗതികളാണ് മന്ത്രാലയം വിജ്ഞാപനം ചെയ്തത്. ഇൗ മാറ്റങ്ങൾ ബാധിക്കുന്ന ലഘു പെട്രോൾ– ഡീസൽ വാഹനങ്ങളുടെ ഭാരപരിധി മൂവായിരം കിലോയിൽനിന്ന് 3500 കിലോ വരെയായി ഉയർത്തി.
ഇ20 മുതൽ ഇ100 വരെ എഥനോൾ മിശ്രിത പെട്രോൾ ഉപയോഗം സാധ്യമായ ഫ്ളെക്സ് ഫ്യുവൽ വാഗൺ ആർ കാർ കഴിഞ്ഞ ജൂണിൽ മാരുതി സുസുക്കി പുറത്തിറക്കിയിരുന്നു. എഥനോൾ മിശ്രിത പെട്രോളിന്റെ ഉപയോഗത്തെ കേന്ദ്രസർക്കാർ പരിധി വിട്ട് പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിലാണ് വാഹന നിർമാതാക്കൾ ഇ20 ന് മുകളിലുള്ള പെട്രോൾ ഉപയോഗം സാധ്യമായ വാഹനങ്ങൾ പുറത്തിറക്കി തുടങ്ങിയത്.
ടൊയോട്ട, ടാറ്റ, ഹ്യുണ്ടായ് തുടങ്ങിയ കാർ കമ്പനികളും ഇ20 ന് മുകളിലുള്ള പെട്രോൾ ഉപയോഗം സാധ്യമായ മോഡലുകൾ പുറത്തിറക്കാൻ ഒരുക്കത്തിലാണ്.









0 comments