print edition വിധേയത്വം തുടർന്ന് മോദി സർക്കാർ

എം പ്രശാന്ത്
Published on Jan 06, 2026, 01:30 AM | 1 min read
ന്യൂഡൽഹി
വെനസ്വേലയിൽ അതിക്രമിച്ചുകയറി പ്രസിഡന്റിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയ അമേരിക്കൻ നടപടിയെ ലോകരാജ്യങ്ങളാകെ അപലപിക്കുമ്പോഴും വിധേയത്വ നിലപാട് തുടർന്ന് മോദി സർക്കാർ. യുഎൻ ചട്ടങ്ങളും അന്താരാഷ്ട്ര നിയമങ്ങളുമെല്ലാം ലംഘിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ ധിക്കാരപരമായ ഏകപക്ഷീയ നടപടിയെ പേരിന് പോലും അപലപിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്‌താവനയിൽ അമേരിക്കയുടെ പേരുപോലും പരാമർശിക്കാൻ സർക്കാർ കൂട്ടാക്കിയില്ല. 50 ശതമാനം പ്രതികാര തീരുവയടക്കം ഇന്ത്യയോടുള്ള ദ്രോഹ നടപടികൾ ട്രംപ് ഭരണകൂടം തുടരുമ്പോൾ തന്നെയാണ് മോദി സർക്കാർ വിധേയത്വ നിലപാടുമായി മുന്നോട്ടുനീങ്ങുന്നത്. ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് എന്ത് പ്രകോപനമുണ്ടായാലും മോദി സർക്കാർ കണ്ടുനിൽക്കുക മാത്രമാകും ചെയ്യുകയെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് നിലവിലെ സംഭവവികാസങ്ങൾ.
വെനസ്വേലയിൽ അമേരിക്ക നടത്തിയ ഏകപക്ഷീയ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎസ് സഖ്യത്തിന്റെ ഭാഗമായ പല യൂറോപ്യൻ രാജ്യങ്ങളടക്കം അഭിപ്രായപ്പെട്ടപ്പോഴാണ് അതിനപ്പുറമുള്ള വിധേയത്വപ്രകടനം മോദി സർക്കാരിൽ നിന്നുണ്ടാകുന്നത്. ജർമ്മനി, കാനഡ, നോർവേ തുടങ്ങിയ രാജ്യങ്ങൾ അമേരിക്കൻ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിമർശിച്ചിരുന്നു. കൊളംബിയ, ക്യൂബ തുടങ്ങി മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് നേരെകൂടി അമേരിക്കൻ ഭീഷണി നീളുമ്പോൾ സൗകര്യപൂർവം കണ്ണടയ്‌ക്കുകയാണ് വിനീതവിധേയരായ കേന്ദ്ര ബിജെപി സർക്കാർ.










0 comments