print edition ധർമേന്ദ്ര പ്രധാന്റെ രാജി ഗത്യന്തരമില്ലാതെ


എം അഖിൽ
Published on Jul 26, 2026, 11:50 PM | 1 min read
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി മോദി സർക്കാർ എഴുതിവാങ്ങിയത് ഗത്യന്തരമില്ലാതെ. രാജിയെ ‘സ്ഥാനത്യാഗ’മെന്ന് മഹത്വവൽക്കരിക്കാനാണ് ബിജെപിയും ആർഎസ്‌എസും ചില മാധ്യമങ്ങളും പാടുപെടുന്നത്. എന്നാൽ, പ്രധാൻ രാജിവയ്ക്കുന്നതിന് മണിക്കൂറുകൾ മുന്പുവരെ കേന്ദ്രസർക്കാരിലെയോ ബിജെപിയിലേയോ ഉന്നതർ അതേക്കുറിച്ച് ചിന്തിച്ചിട്ടുകൂടി ഇല്ലായിരുന്നു. പ്രധാൻ തന്റെ ഒൗദ്യോഗിക കൃത്യങ്ങളിലും വ്യാപ്‌തൃതനായിരുന്നു. പാർലമെന്റിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു വെള്ളി വൈകിട്ടുവരെ അദ്ദേഹം.
അപ്രതീക്ഷിതമായാണ് ‘രാജിവയ്ക്കാതെ വഴിയില്ലെന്ന’– സന്ദേശമെത്തിയത്. തന്റെ ഭാഗം വിശദീകരിക്കാനുള്ള സാവകാശംവേണമെന്ന് അപേക്ഷിച്ചെങ്കിലും അതിനൊന്നും സമയമില്ലെന്ന പ്രതികരണമാണ് പ്രധാന് ലഭിച്ചത്. പാർലമെന്റിൽ വർഷകാല സമ്മേളനം നടക്കുന്ന അവസരത്തിൽ വിടവാങ്ങൽ പ്രസംഗം നടത്താനും പ്രധാനായില്ല. പ്രധാനമന്ത്രിക്ക് രാജിക്കത്ത് സമർപ്പിച്ചശേഷം എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിടാനുള്ള ‘സാവകാശം’ മാത്രമാണ് ലഭിച്ചത്. നാണംകെടുത്തി ഇറക്കിവിട്ടതിൽ നേതൃത്വത്തോട് അതൃപ്‌തിയറിയിച്ചതായും സൂചനയുണ്ട്.
ജന്തർ മന്തറിലെ പ്രക്ഷോഭം അതിശക്തമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയുംവരെ ആശങ്കയിലാക്കിയിരുന്നു. ഡൽഹിക്കുപുറമേ രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും പ്രക്ഷോഭം അതിവേഗം പടരുകയാണെന്നും വിലയിരുത്തി. എത്രയും വേഗം പ്രധാനെ കൊണ്ട് രാജിവയ്പിച്ചില്ലെങ്കിൽ യുവജനരോഷം തങ്ങളിലേക്ക് തിരിയുമെന്ന് ഇരുവരും ഭയന്നു. പ്രധാനെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണെന്നും പ്രക്ഷോഭം അടിച്ചമർത്തുന്നത് അമിത്‌ഷായാണെന്നുമുള്ള ആരോപണങ്ങളും ഇതിനകം ശക്തമായിരുന്നു. പാർലമെന്റ് വർഷകാല സമ്മേളനത്തിൽ പ്രധാനപ്പെട്ട പല നിയമനിർമാണങ്ങളും പാസാക്കാനുള്ള സർക്കാരിന്റെ നീക്കങ്ങൾ പരാജയപ്പെടുമെന്നും സഭ സ്തംഭിക്കുമെന്നും കേന്ദ്രം ഭയന്നു.










0 comments