ബിഹാറികളെ പീഡിപ്പിക്കുന്നുവെന്ന ആരോപണം തെരഞ്ഞെടുപ്പ് തന്ത്രം; മോദിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ ബിഹാറി തൊഴിലാളികൾ പീഡിപ്പിക്കപ്പെടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ എംകെ സ്റ്റാലിൻ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിദ്വേഷം പ്രചരിപ്പിക്കാനുള്ള ബിജെപി തന്ത്രമാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശമെന്ന് സ്റ്റാലിൻ തുറന്നടിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട മോദി എവിടെ പോയാലും തമിഴ്‌നാടിനെ ഇകഴ്ത്തി സംസാരിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ഈ രാജ്യത്തിന്റെ മുഴുവൻ ഉത്തരവാദിത്തവുമുണ്ട്. ഇത്തരം പ്രസംഗങ്ങൾ കൊണ്ട് അദ്ദേഹം സ്ഥാനത്തിന്റെ അന്തസ്സ് കളയരുതെന്ന് ഒരു തമിഴനെന്ന നിലയിൽ വേദനാപൂർവ്വം താൻ അഭ്യർത്ഥിക്കുന്നുവെന്നും സ്റ്റാലിൻ തന്റെ എക്‌സിൽ കുറിച്ചു.
ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കുന്നതുപോലെ, തമിഴർക്കും ബിഹാറികൾക്കുമിടയിൽ ശത്രുതയുണ്ടാക്കുന്ന ഈ നിസ്സാര രാഷ്ട്രീയം അവസാനിപ്പിച്ച് രാജ്യത്തിന്റെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം മോദിയോട് ആവശ്യപ്പെട്ടു.
തമിഴ്നാട്ടിൽ സമാധാനപരമായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് ബിഹാറി സഹോദരങ്ങൾക്കെതിരെ വിദ്വേഷം വിതയ്ക്കുന്ന രീതിയിലാണ് പ്രധാനമന്ത്രി വീണ്ടും സംസാരിച്ചിരിക്കുന്നതെന്ന് മറ്റു പ്രതിപക്ഷ പാർട്ടി നേതാക്കളും അഭിപ്രായപ്പെട്ടു. ഇത് ആർ.എസ്.എസ് പരിശീലനത്തിലൂടെ ലഭിച്ച വെറുപ്പിന്റെ രാഷ്ട്രീയമാണ് എന്നും വിമർശനമുണ്ട്.








0 comments