കേന്ദ്ര പദ്ധതികളിൽ വൻ വീഴ്ചയെന്ന് തുറന്നുസമ്മതിച്ച് മോദി; ‘തേഡ് പാർട്ടി’ ഓഡിറ്റും പരാജയപ്പെട്ടെന്ന് കുറ്റസമ്മതം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വൻകിട വികസന പദ്ധതികളുടെ നിർമാണത്തിൽ വ്യാപക വീഴ്ചയുണ്ടായെന്ന് തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 53-ാമത് പ്രഗതി അവലോകന യോഗത്തിലാണ് കേന്ദ്രത്തിന്റെയും വിവിധ സംസ്ഥാനങ്ങളുടെയും വൻകിട വികസന പദ്ധതികളുടെ നിർമാണത്തിൽ വീഴ്ചയും ഗുണനിലവാരമില്ലായ്മയും നടക്കുന്നുണ്ടെന്ന മോദിയുടെ കുറ്റസമ്മതം. പദ്ധതികളുടെ ഗുണനിലവാരം പരിശോധിക്കാൻ നിലവിലുള്ള 'തേഡ് പാർട്ടി' ഓഡിറ്റിങ് സംവിധാനം പൂർണമായി പരാജയപ്പെട്ടു. പകരം 'ഫോർത്ത് പാർട്ടി' ഓഡിറ്റ് കൊണ്ടുവരണമോയെന്ന് ആലോചിക്കണമെന്നും മോദി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
30,000 കോടിയിലധികം രൂപയുടെ ആറ് പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾ അവലോകനം ചെയ്യുന്നതിനിടയിലാണ് മോദി വീഴ്ചകൾ അക്കമിട്ട് നിരത്തിയത്. പദ്ധതികൾ നീളുന്നത് നിർമാണച്ചെലവ് കുത്തനെ കൂട്ടുന്നുണ്ട്. കൃത്യമായ കാഴ്ചപ്പാടില്ലാതെ വൻ പദ്ധതികൾ പ്രഖ്യാപിക്കുന്നത് തിരിച്ചടിയാകുന്നുണ്ടെന്നും മോദി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി. "കനാലുകൾ നിർമിക്കാതെ അണക്കെട്ടുകൾ മാത്രം പണിയുന്നതിന് തുല്യമാണ്" നിലവിലെ പല പദ്ധതികളുടെയും പോക്കെന്നും മോദി വിമർശിച്ചു.
നിർമാണ പ്രവർത്തനങ്ങളിലെ ഗുണനിലവാരമില്ലായ്മ അംഗീകരിക്കാനാകില്ല. നിലവിലെ രീതിയിൽ സിസ്റ്റത്തിന് മുന്നോട്ടുപോകാനാകില്ലെന്ന് മോദി, കേന്ദ്ര സെക്രട്ടറിമാരോടും വിവിധ സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും വ്യക്തമാക്കി. വൈദ്യുതി ഉത്പാദനം മാത്രം കൂട്ടിയതുകൊണ്ട് കാര്യമില്ലെന്നും അത് വിതരണം ചെയ്യാനുള്ള പ്രസരണ ശേഷി റപ്പാക്കണമെന്നും മോദി ചൂണ്ടിക്കാട്ടി. 'ഡിജിറ്റൽ അറസ്റ്റ്' ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിൽ കർശന ജാഗ്രത വേണമെന്നും മുതിർന്ന പൗരന്മാർക്കും ചെറുപ്പക്കാർക്കും കൃത്യമായ ബോധവൽക്കരണവും പരിശീലനവും നൽകാൻ പദ്ധതിയിടണമെന്നും മോദി നിർദേശിച്ചു.
അടുത്തിടെയായി രാജ്യത്തെ നാഷണൽ ഹൈവേകളുടേയും പാലങ്ങളുടെയും പണികളിലെല്ലാം വീഴ്ചകൾ കണ്ടെത്തിയിരിരുന്നു. പണിനടന്നുകൊണ്ടിരിക്കുന്ന റോഡുകൾ ഇടിഞ്ഞുതാഴുകയും പാലങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.










0 comments