ad
Deshabhimani

ജനങ്ങളുടെ പണം അദാനി ഗ്രൂപ്പിലേക്ക്‌ 
ഒഴുക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി 
പുറത്തുവിട്ട്‌ വാഷിങ്‌ടൺ പോസ്റ്റ്‌

print edition അദാനിക്ക്‌ മോദിയുടെ ദാനം ; എൽഐസിയുടെ 34,000 കോടി

modi adani deal

നരേന്ദ്ര മോദിയും ഗൗതം അദാനിയും (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Oct 26, 2025, 03:41 AM | 2 min read


ന്യൂഡൽഹി

പൊതുമേഖലാ സ്ഥാപനമായ ലൈഫ്‌ ഇൻഷുറൻസ്‌ കോർപറേഷനിൽ (എൽഐസി)നിന്ന്‌ ജനങ്ങളുടെ സഹസ്രകോടികൾ അദാനി ഗ്രൂപ്പിലേക്ക്‌ ഒഴുക്കാനുള്ള മോദി സർക്കാരിന്റെ പദ്ധതി പുറത്ത്‌. 34,000 കോടി രൂപ അദാനി ഗ്രൂപ്പിന്‌ ബോണ്ടുകളിലൂടെയും മറ്റും കൈമാറാൻ ധനമന്ത്രാലയവും നിതി ആയോഗും ചേർന്ന്‌ നടത്തിയ നീക്കം ‘വാഷിങ്‌ടൺ പോസ്റ്റി’ന്റെ അന്വേഷണാത്മക റിപ്പോർട്ടിലൂടെയാണ്‌ പുറത്തുവന്നത്‌. ഫണ്ട്‌ നേടാൻ യുഎസ്‌ നിക്ഷേപകരെ കബളിപ്പിച്ചതിന്‌ അമേരിക്കയിൽ കേസിൽപ്പെട്ട അദാനി ഗ്രൂപ്പ്‌ കടക്കെണിയിലേക്ക്‌ കൂപ്പുകുത്തിയ ഘട്ടത്തിലാണ്‌ ‘ഉറ്റചങ്ങാതി’യായ മോദി പൊതുപണവുമായി രക്ഷയ്‌ക്കെത്തിയത്‌.


മെയ്‌ മാസത്തിൽ എൽഐസിയും നിതി ആയോഗും ആലോചിച്ച്‌ ധനമന്ത്രാലയത്തിന്‌ കീഴിലുള്ള ധനസേവന വകുപ്പ്‌ ഇതിനുള്ള പദ്ധതി നിർദേശം തയ്യാറാക്കി. ജൂണിൽ അദാനി പോർട്സ്‌ പുറത്തിറക്കിയ 5000 കോടി രൂപയുടെ ബോണ്ട്‌ എൽഐസി അപ്പാടെ വാങ്ങിയത്‌ വിവാദമായിരുന്നു. എന്നാൽ, ആകെ 34,000 കോടി രൂപ എൽഐസിയിലൂടെ അദാനിക്ക്‌ കൈമാറാൻ കേന്ദ്രസർക്കാർ പ്രത്യേക പദ്ധതി നിർദേശം തയ്യാറാക്കിയെന്ന വിവരം പുറത്തുവരുന്നത്‌ ആദ്യം. ധനമന്ത്രാലയം തയ്യാറാക്കിയ പദ്ധതി രേഖകൾ കൈവശമുണ്ടെന്നും വാഷിങ്‌ടൺ പോസ്റ്റ്‌ പറഞ്ഞു.


സാമ്പത്തികക്രമക്കേടും ഓഹരി വിപണിയിലെ കൃത്രിമങ്ങളും വിശദമാക്കിയുള്ള 2023ലെ ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ പുറത്തുവന്നതോടെയാണ്‌ അദാനി ഗ്രൂപ്പിന്റെ പ്രതിസന്ധി ആരംഭിച്ചത്‌. യുഎസ്‌ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച്‌ ശതകോടിക്കണക്കിന്‌ ഡോളറിന്റെ ഫണ്ടുകൾ സ്വന്തമാക്കിയതിന്‌ 2024ൽ യുഎസ്‌ ജസ്റ്റിസ്‌ വകുപ്പ്‌ അദാനി ഗ്രൂപ്പിനെതിരെ നിയമനടപടികളിലേക്ക്‌ കടന്നു. തൊട്ടുപിന്നാലെ അമേരിക്കയിലെ സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ കമീഷനും കേസെടുത്തു. ഇതോടെ പ്രതിസന്ധിയിലായ ഗ്രൂപ്പിന്റെ കടം കഴിഞ്ഞ സാമ്പത്തികവർഷം 20 ശതമാനം ഉയർന്നു. ഫണ്ടുകൾക്കായി യുഎസ്‌ ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയു മറ്റും അദാനി ഗ്രൂപ്പ്‌ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.


അദാനി ഗ്രൂപ്പ്‌ പ്രതിസന്ധി അഭിമുഖീകരിക്കവെയാണ്‌ അവരിൽനിന്ന്‌ 34,000 കോടിയോളം രൂപയുടെ ബോണ്ട്‌ വാങ്ങാൻ കേന്ദ്രം എല്‍ഐസിയോട് നിര്‍ദേശിച്ചത്. ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ഓഹരി നിക്ഷേപമെന്ന നിലയിൽ മുതൽമുടക്കാനും നിർദേശിച്ചിട്ടുണ്ട്‌. സർക്കാർ ബോണ്ടുകളിൽനിന്ന്‌ കാര്യമായ ലാഭമില്ലെന്ന്‌ പറഞ്ഞാണ്‌ അദാനിയിൽ നിക്ഷേപിക്കാന്‍ ധനമന്ത്രാലയം ഉപദേശിച്ചത്.


നിക്ഷേപ തീരുമാനത്തിൽ 
ബാഹ്യ ഇടപെടൽ ഇല്ലെന്ന്‌ എൽഐസി

അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്താനുള്ള തീരുമാനം കേന്ദ്രസർക്കാർ നിർദേശപ്രകാരമാണെന്ന റിപ്പോർട്ട്‌ തെറ്റാണെന്ന്‌ എൽഐസി. എൽഐസിയുടെ പ്രതിച്ഛായ മോശമാക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന്‌ പ്രസ്‌താവനയിൽ പറഞ്ഞു. നിക്ഷേപ തീരുമാനങ്ങൾ ബോർഡ്‌ അംഗീകാരത്തോടെ എൽഐസി സ്വതന്ത്രമായാണ്‌ എടുക്കുന്നത്‌. കേന്ദ്ര ധനസേവന വകുപ്പിനോ മറ്റേതെങ്കിലും സ്ഥാപനത്തിനോ പങ്കില്ല. ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾമാത്രം പരിഗണിച്ച്‌ അതീവ ജാഗ്രതയോടെയാണ്‌ നിക്ഷേപ തീരുമാനങ്ങളെല്ലാം സ്വീകരിക്കുന്നതെന്നും എൽഐസി അവകാശപ്പെട്ടു. എന്നാൽ അദാനി ഗ്രൂപ്പിൽ നടത്തിയ നിക്ഷേപകളെ കുറിച്ച്‌ എൽഐസി വിശദീകരിച്ചിട്ടില്ല.


കേന്ദ്രസർക്കാർ നിർദേശപ്രകാരം എൽഐസി നിക്ഷേപം നടത്തിയെന്ന റിപ്പോർട്ടിനെ അദാനി ഗ്രൂപ്പും തള്ളി. ഒട്ടനവധി കോർപ്പറേറ്റ്‌ സ്ഥാപനങ്ങളിൽ എൽഐസി നിക്ഷേപിക്കുന്നുണ്ട്‌. അദാനി ഗ്രൂപ്പിന്‌ പ്രത്യേക പരിഗണനയെന്നത്‌ ശരിയല്ല. അദാനി ഗ്രൂപ്പ്‌ നിക്ഷേപത്തിൽനിന്ന്‌ എൽഐസിക്ക്‌ ലാഭം കിട്ടുന്നുണ്ട്‌. മോദി ദേശീയ നേതൃത്വത്തിലേക്ക്‌ ഉയരുംമുമ്പ്‌ തന്നെ തങ്ങൾ വളർച്ച നേടിയിരുന്നതായി അദാനി ഗ്രൂപ്പ്‌ വിശദീകരിച്ചു.


​പബ്ലിക് അക്ക‍ൗണ്ട്‌സ്‌ കമ്മിറ്റി പരിശോധിക്കണം

അദാനി ഗ്രൂപ്പിൽ കേന്ദ്രസർക്കാർ നിർദേശപ്രകാരം എൽഐസി നടത്തിയ നിക്ഷേപത്തെ പ്രതിപക്ഷ പാർടികൾ നിശിതമായി വിമർശിച്ചു.


പാർലമെന്റിന്റെ പബ്ലിക് അക്ക‍ൗണ്ട്‌സ്‌ കമ്മിറ്റി വിഷയം പരിശോധിക്കണമെന്ന്‌ കോൺഗ്രസ്‌ നേതാവും രാജ്യസഭാംഗവുമായ ജയ്‌റാം രമേശ്‌ ആവശ്യപ്പെട്ടു. എൽഐസിയുടെ 30 കോടിയോളം പോളിസി ഉടമകളുടെ പണമാണ്‌ അദാനിയുടെ നേട്ടത്തിനായി ദുരുപയോഗിക്കുന്നത്‌. ഇതിനായി കേന്ദ്രസർക്കാർ പ്രത്യേക പദ്ധതി നിർദേശം തന്നെ തയ്യാറാക്കിയതിന്റെ രേഖകളാണ്‌ പുറത്തുവന്നത്‌. അദാനി ഗ്രൂപ്പിന്റെ വിശ്വാസം തിരിച്ചുപിടിക്കാനും കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനുമായി നിക്ഷേപം നടത്താനാണ്‌ പദ്ധതി നിർദേശത്തിൽ പറയുന്നത്‌. ഗുരുതരമായ ക്രമക്കേടാണിത്‌ –ജയ്‌റാം രമേശ്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home