ad
Deshabhimani

മന്ത്രവാദിനിയെന്ന് ആക്ഷേപം; ഗുജറാത്തിൽ സ്ത്രീക്ക് നേരെ ആൾക്കൂട്ട ആക്രമണം, രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് കൊല്ലപ്പെട്ടു

crime murder

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 29, 2026, 03:09 PM | 1 min read

വിജയ്‌നഗർ : അന്ധവിശ്വാസത്തിന്റെ പേരിൽ ഗുജറാത്തിൽ ജനക്കൂട്ടം നടത്തിയ ക്രൂരമായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വിജയ്‌നഗർ താലൂക്കിലുള്ള ഗാഡിവക്ഡ ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ കംലാബെൻ എന്ന സ്ത്രീ മന്ത്രവാദിനിയാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ആക്രമണം. ജനക്കൂട്ടത്തിൽ നിന്നും ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭർത്താവ് മനുഭായ് രാംജിഭായ് ദാമോർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കുടുംബത്തിലെ മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.


കഴിഞ്ഞ ദിവസം അക്രമാസക്തരായ ജനക്കൂട്ടം മനുഭായിയുടെ വീട് വളയുകയും കംലാബെൻ മന്ത്രവാദിനിയാണെന്ന് ആക്ഷേപിച്ച് കുടുംബത്തോട് ഉടൻ തന്നെ ഗ്രാമം വിട്ടുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ വീടിന് നേരെ കല്ലേറുണ്ടാവുകയും കംലാബെന്നിനെ ജനക്കൂട്ടം ശാരീരികമായി ഉപദ്രവിക്കാൻ തുനിയുകയും ചെയ്തു.


കംലാബെന്നിന് പ്രതിരോധം തീർക്കാൻ ശ്രമിച്ച ഭർത്താവ് മനുഭായിയെയും മക്കളെയും മാരകായുധങ്ങളുമായാണ് ജനക്കൂട്ടം നേരിട്ടത്. ക്രൂരമായ മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മനുഭായിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പരുക്കേറ്റവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.


"സംഭവവുമായി ബന്ധപ്പെട്ട് എട്ട് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടെ ഗ്രാമവാസികളായ 12 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാനായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി"— കുൽദീപ് നായ് (ഖേദ്ബ്രഹ്മ ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ട്) പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home