"ഹിന്ദിയെ ഇരുത്തിയതിന് ശേഷം സിംഹാസനത്തിൽ സംസ്കൃതത്തെ പ്രതിഷ്ഠിക്കും" കേന്ദ്രത്തെ വിമർശിച്ച് സ്റ്റാലിൻ

ഫോട്ടോ: ഫെയ്സ്ബുക്ക്
ചെന്നെ: സംസ്ഥാനത്ത് ഹിന്ദിയോ സംസ്‌കൃതമോ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുമെന്നും തമിഴന്റെ സ്വത്വം സംരക്ഷിക്കുന്നതിനായി ഭാഷാ യുദ്ധം തുടരുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.
'മൊഴി പോർ' (ഭാഷായുദ്ധം) കാലത്ത് മരിച്ചവരെ അനുസ്മരിച്ച് ശനിയാഴ്ച ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് സ്റ്റാലിൻ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശം വീണ്ടെടുക്കുന്നതിനായി ഡിഎംകെയുടെ വിദ്യാർഥി വിഭാഗം പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് സ്റ്റാലിൻ പറഞ്ഞു.
"ഒരു മതം, ഒരു ഭാഷ എന്ന നയം ഇന്ത്യയിൽ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവർ (ബിജെപി) ഹിന്ദിയെ പിന്തുണക്കുന്നു, എന്നാൽ അവർ സംസ്‌കൃതത്തിന്റെ പിന്തുണക്കാരാണ് എന്നതാണ് സത്യം. ഹിന്ദിയെ ഇരുത്തിയതിന് ശേഷം സിംഹാസനത്തിൽ അവർ സംസ്കൃതത്തെ പ്രതിഷ്ഠിക്കും" എന്നും സ്റ്റാലിൻ പറഞ്ഞു.
ഹിന്ദി സംസാരിക്കാത്ത എല്ലാ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഡിഎംകെ വിദ്യാർത്ഥി വിഭാഗം ഡൽഹിയിൽ 'വിദ്യാഭ്യാസ അവകാശം' പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 20ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് അയച്ച കത്തിൽ, കരട് മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും സർവകലാശാലകളുടെ സ്വയംഭരണത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു.
ഹിന്ദിയോ സംസ്‌കൃതമോ അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ച് മാത്രമാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നതെന്നും തമിഴിനെ നശിപ്പിക്കാൻ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. തന്റെ പാർടി അധികാരത്തിൽ വന്നതിനുശേഷം മാത്രമാണ് തമിഴിനെ സംരക്ഷിക്കാൻ ദ്വിഭാഷാ നയം കൊണ്ടുവന്നതെന്നും എന്നാൽ തടസ്സമുണ്ടാക്കാൻ ത്രിഭാഷാ നയം രൂപപ്പെടുത്തിയെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.









0 comments