സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്കാരം ഹിന്ദി അടിച്ചേൽപ്പിക്കാൻ; കേന്ദ്രത്തിന്റേത് ഏകപക്ഷീയ നിലപാടെന്ന് എം കെ സ്റ്റാലിൻ

ചെന്നൈ: സിബിഎസ്ഇയുടെ പുതിയ പാഠ്യപദ്ധതി പരിഷ്കാരം അക്കാദമിക് പരിഷ്കരണമല്ലെന്നും മറിച്ച് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ആസൂത്രിത നീക്കമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ഭാഗമായി നടപ്പാക്കുന്ന മാറ്റങ്ങൾ ഇന്ത്യയുടെ വൈവിധ്യമാർന്ന ഭാഷാ പൈതൃകത്തെ തകർക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കേന്ദ്ര നിലപാടിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. ത്രിഭാഷാ പദ്ധതി എന്ന പേരിൽ ബിജെപി സർക്കാർ നടപ്പാക്കുന്നത് ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ആ ഭാഷ നിർബന്ധമാക്കാനുള്ള ഗൂഢതന്ത്രമാണെന്ന് സ്റ്റാലിൻ ആരോപിച്ചു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് മേൽ ഹിന്ദി പഠനം അടിച്ചേൽപ്പിക്കുമ്പോൾ, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകൾ പഠിപ്പിക്കാൻ കേന്ദ്രം തയ്യാറാകാത്തത് വിവേചനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രീയ വിദ്യാലയങ്ങളിൽ തമിഴ് നിർബന്ധമാക്കാനോ ആവശ്യത്തിന് തമിഴ് അധ്യാപകരെ നിയമിക്കാനോ തയ്യാറാകാത്ത കേന്ദ്രസർക്കാർ ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയുന്നത് കാപട്യമാണ്. മതിയായ അധ്യാപകരോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാതെ ഇത്തരം നയങ്ങൾ അടിച്ചേൽപ്പിക്കുന്നത് വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളിൽ കുട്ടികളെ പ്രാപ്തരാക്കുന്നതിന് പകരം ഭാഷാഭാരം അടിച്ചേൽപ്പിക്കുന്നത് അവരുടെ പുരോഗതിയെ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ ഫെഡറലിസത്തിന് നേരെയുള്ള വെല്ലുവിളിയാണിതെന്നും രാജ്യത്തിന്റെ വൈവിധ്യം തകർക്കുന്ന ഇത്തരം നീക്കങ്ങളെ ജനാധിപത്യപരമായി ചെറുക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. തമിഴ്നാട്ടിലെ ബിജെപിയുടെ സഖ്യകക്ഷികൾ ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.











0 comments