പാലം ബോംബുവെച്ച് തകർത്തു; മണിപ്പൂര്‍ മ്യാൻമര്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ കാംജോംഗ് ജില്ലയിൽ അതിര്‍ത്തി പ്രദേശത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലം ബോംബുവെച്ച് തകർത്തു. നമ്പാൻ ലോക് നദിക്ക് കുറുകെയുള്ള പാലമാണ് ഐഇഡി എന്ന് സംശയിക്കുന്ന സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തത്.
മ്യാൻമറിന് ചേര്‍ന്നുള്ള ഫാങ്, ചാട്രിക് ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ചാട്രിക് ഗ്രാമവും സമീപത്തുള്ള പത്തോളം ഗ്രാമങ്ങളും ജില്ലാ ആസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നത് ഈ പാതയിലൂടെയായിരുന്നു. പാലം തകർന്നതോടെ മേഖലയിലേക്കുള്ള ഗതാഗതം പൂർണമായി നിലച്ചു. പ്രദേശവാസികൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
പാലം തകർത്തതിന് പുറമെ, നമ്പാൻ ലോക് നദിയുടെ തീരത്ത് നിർത്തിയിട്ടിരുന്ന ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ പിക്ക്-അപ് വാനും അക്രമികൾ തീയിട്ട് നശിപ്പിച്ചു. വാഹനം പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
യാത്രാസൗകര്യവും അവശ്യസാധനങ്ങളുടെ വരവും പെട്ടെന്ന് നിലച്ചതോടെ പ്രദേശത്തെ ജനങ്ങൾക്ക് അടിയന്തര വൈദ്യസഹായം ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കാത്ത സാഹചര്യമായി.
തലസ്ഥാനത്ത് എത്താനുള്ള
ബദൽ മാര്‍ഗ്ഗവും അടഞ്ഞു
കാംജോംഗ് ജില്ല മ്യാൻമാറുമായി നീളമേറിയ അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന പ്രദേശമാണ്. സ്ഫോടനം നടന്ന ചാട്രിക് ഗ്രാമം കിഴക്കൻ അതിർത്തിയോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിൽ നിന്ന് തെക്കുകിഴക്ക് കാംജോംഗ് ജില്ലാ ആസ്ഥാനത്തേക്ക് റോഡ് മാർഗ്ഗം ഏകദേശം 120 കിലോമീറ്റർ ദൂരമുണ്ട്. പാലം കടന്ന് അതിർത്തി ഗ്രാമമായ ചാട്രിക്കിലേക്ക് വീണ്ടും ഏകദേശം 40 കിലോമീറ്ററോളം സഞ്ചരിക്കേണ്ടതുണ്ട്.

കുക്കി, നാഗാ വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശമാണ്. സ്ഫോടനം നടന്ന കാംജോംഗ് അതിനോട് ചേർന്നുള്ള ഉഖ്‌റുൽ എന്നീ ജില്ലകൾ പ്രധാനമായും നാഗ വംശജർ (Tangkhul Nagas) കൂടുതലായുള്ള മേഖലകളാണ്. മണിപ്പൂരിൽ വംശീയ കലാപം ആരംഭിച്ചതിന് ശേഷം ഉഖ്‌റുൽ, കാംജോംഗ് ജില്ലകളിലെ ജനങ്ങൾ ഇംഫാലിലേക്ക് പോകാൻ ഉപയോഗിച്ചിരുന്ന നാഷണൽ ഹൈവേ 202 (NH-202) വഴിയുള്ള യാത്ര തടസ്സപ്പെട്ടിരുന്നു.
കഴിഞ്ഞ അഞ്ച് മാസമായി ഇവിടുത്തെ ജനങ്ങൾ കാംജോംഗ്, ഉഖ്‌റുൽ പ്രദേശങ്ങളിൽ നിന്നും ഇംഫാലിലേക്കും തിരിച്ചും യാത്ര ചെയ്യാനും പ്രാദേശിക വിപണികൾ, ആതുരാലയങ്ങൾ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയ്ക്കായും ആശ്രയിച്ചിരുന്നത് ചാട്രിക് വഴിയുള്ള ഈ ബെയ്‌ലി പാലത്തെയായിരുന്നു. പാലം തകർന്നതോടെ ഈ ബദൽ പാതയും പൂർണമായും അടഞ്ഞു.
കാങ്പോക്പി ജില്ലയിലെ സപർമെയ്‌ന - കൗബ്രു ലൈഖ പാലം, ബിഷ്ണുപൂർ ജില്ലയിലെ ഫൗഗക്ചാവോ ഇഖായി - ക്വാക്ത പാലം എന്നിവയും കഴിഞ്ഞ വരഷങ്ങളിൽ സമാനമായ രീതിയിൽ തകര്‍ക്കപ്പെട്ടിരുന്നു.
സംഭവത്തിൽ ചാസദ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള പരിശോധനകൾ നടക്കുകയാണെന്ന് അറിയിച്ചു. ഇതുവരെ ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.










0 comments