ഹണിട്രാപിൽ ഉലഞ്ഞ് കർണ്ണാടക: 48 എം എൽ എ മാരും ദേശീയ നേതാക്കളും ആരോപണ നിഴലിൽ

ബെംഗളൂരു: കർണാടകയിൽ ഹണിട്രാപ് വിവാദം കൊഴുക്കവെ ആരോപണ വിധേയരായവരിൽ മന്ത്രിമാരും പ്രതിപക്ഷത്തെ ഉന്നതരുമുൾപ്പെടെ പൊതുരംഗത്തെ പ്രമുഖർ. സംസ്ഥാനത്തെ 48 എംഎൽഎമാർ ഹണി ട്രാപ്പിൽ അകപ്പെട്ടിട്ടുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി കെ.എൻ രാജണ്ണ തുറന്നടിച്ചു.
"കർണാടക ഇപ്പോൾ സിഡി, പെൻ ഡ്രൈവുകൾ എന്നിവയുടെ ഒരു ഫാക്ടറിയായി മാറിയിരിക്കുന്നു"വെന്ന് പറഞ്ഞ മന്ത്രി ഇതിൽ ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും എംഎൽഎമാർ ഉണ്ടെന്നും വെളിപ്പെടുത്തി.
മുഖ്യമന്ത്രിയാകാൻ ലക്ഷ്യമിട്ട് നിയമസഭാംഗങ്ങളെ ഹണി ട്രാപ്പിൽ ആരോ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബിജെപി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാൽ സഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജണ്ണയുടെ വെളിപ്പെടുത്തൽ ഉണ്ടായത്.
തേൻ കെണിയിൽ കൊത്തിയവർ ഇരുപക്ഷത്തും
'രണ്ട് ഫാക്ടറികൾ' പ്രവർത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെട്ടപ്പോൾ "ഒന്ന് നിങ്ങളുടെ ഭാഗത്തും മറ്റൊന്ന് ഞങ്ങളുടെ ഭാഗത്തുമാണ്. നിങ്ങളുടെ ഫാക്ടറി ആരാണ് നടത്തുന്നതെന്ന് പറഞ്ഞാൽ, ആരാണ് ഞങ്ങളുടെ ഫാക്ടറി നടത്തുന്നതെന്ന് ഞങ്ങൾക്ക് വെളിപ്പെടുത്താൻ കഴിയും." എന്നായിരുന്നു രാജണ്ണയുടെ പ്രതികരണം.
"48 എംഎൽഎമാരുടെ പെൻ ഡ്രൈവുകൾ ഇവിടെയുണ്ട്. ഇതിൽ ഭരണകക്ഷി അംഗങ്ങൾ മാത്രമല്ല, പ്രതിപക്ഷ അംഗങ്ങളും ഉൾപ്പെടുന്നു.സംസ്ഥാന നേതാക്കൾ മാത്രമല്ല, ദേശീയ പാര്‍ട്ടികളിലെ നേതാക്കളും ഇതിലുണ്ടെന്നും രാജണ്ണ കൂട്ടിച്ചേര്‍ത്തു. ഇതോടെ പ്രതിപക്ഷവും ഞെട്ടി.
കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള അധികാരത്തർക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹണി ട്രാപ്പ് ആരോപണങ്ങൾ ആദ്യം ഉയർന്നത്. രാജണ്ണയും മകനും ഹണി ട്രാപ്പിൽ കുടുങ്ങിയതായി നേരത്തെ തന്നെ പ്രചാരണം ഉണ്ടായിരുന്നു. അടുത്തിടെ ഡൽഹിയിലായിരുന്ന രാജണ്ണ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നതായും വാർത്തയുണ്ടായി. രാജണ്ണയുടെ മകൻ എം എൽ സി രാജേന്ദ്ര ഇങ്ങനെ വാട്സാപ്പിലും മറ്റുമായി കാളുകൾ വരുന്നുണ്ടെന്ന് സമ്മതിച്ചു. കഴിഞ്ഞ ആറുമാസമായി ഇത് തുടരുകയാണ് എന്നും പറഞ്ഞു.
തുമകുരുവില്‍നിന്നുള്ള വന്‍സ്വാധീനശക്തിയുള്ള മന്ത്രി ഹണിട്രാപ്പില്‍ കുടുങ്ങിയെന്നായിരുന്നു ആദ്യത്തെ വാർത്തകൾ. "തുമകുരുവില്‍നിന്നുള്ള രണ്ട് മന്ത്രിമാര്‍ ഞാനും ആഭ്യന്തരമന്ത്രി ജി പരമേശ്വരയുമാണ്. അതിനാല്‍ വിഷയത്തില്‍ അന്വേഷണം വേണം' – എന്ന് ആഭ്യന്തര മന്ത്രിയെ കൂടി വാർത്തയുടെ പരിധിയിൽ നിർത്തിയാണ് അന്ന് കെ.എന്‍ രാജണ്ണ വാർത്തയെ പ്രതിരോധിച്ചത്.
ആഭ്യന്തര മന്ത്രി ജി പരമേശ്വര ഇങ്ങനെ ഒരു സംഭവം ശ്രദ്ധയിൽ വന്നിട്ടല്ല എന്നാണ് പ്രതികരച്ചത്. ആരും പരാതി നൽകിയിട്ടില്ല. പരാതിപ്രകാരം അന്വേഷണം നടത്താവുന്നതാണ്. ബന്ധപ്പെട്ടവരോട് വിവരം തിരക്കിയിട്ടുണ്ട് എന്നും പ്രതികരിച്ചു.
ഹണി ട്രാപ് ചെയ്യപ്പെട്ട സിഡിയും പെൻഡ്രൈവുകളും ആരുടേത് ഒക്കെയാവും എന്ന് വ്യക്തമല്ലാത്തതാണ് ഭരണപ്രതിപക്ഷങ്ങൾ ഒരു പോലെ വിറയ്ക്കുന്നത്. ആരുടെ ഏത് സന്ദർഭങ്ങൾ എന്നൊന്നും വ്യക്തമല്ല. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഉൾപാർടി ഗ്രൂപ്പ് മത്സരങ്ങളിലേക്കാണ് ആരോപണ മുന നീങ്ങുന്നത്.
ഇത് സാധാരണം എന്ന് വരുത്തി തീർക്കാനും ഇതോടൊപ്പം ശ്രമങ്ങൾ തുടങ്ങി.
കര്‍ണാടകയില്‍ ഇത് ഒരു പുതിയ സംഭവമല്ലെന്ന് മന്ത്രി സതീഷ് ജാര്‍കിഹോളി പ്രതികരിച്ചു. ഒരു മന്ത്രിയെ ലക്ഷ്യവെച്ച് രണ്ട് ശ്രമങ്ങള്‍ നടന്നു. പക്ഷേ വിജയിച്ചില്ല. കഴിഞ്ഞ 20 വര്‍ഷമായി ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് എന്നീ എല്ലാ പാര്‍ട്ടികളും ഇതില്‍ ഇരകളാണെന്നും അദ്ദേഹം പറഞ്ഞു.









0 comments