ad
Deshabhimani

print edition ബംഗ്ലാദേശിയെന്ന് ആരോപിച്ച് ഒഡിഷയിൽ യുവാവിനെ തല്ലിക്കൊന്നു

Migrant Worker Lynched In Odisha
വെബ് ഡെസ്ക്

Published on Dec 27, 2025, 01:00 AM | 1 min read


ഭുവനേശ്വര്‍

ബംഗ്ലാദേശിയെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ ഒഡിഷ സംബല്‍പുരിൽ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഒപ്പമുണ്ടായിരുന്ന മജ്‌ഹർഖാൻ, നിസാമുദീൻഖാൻ എന്നിവർക്ക്‌ ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.


മുര്‍ഷിദാബാദ് സ്വദേശിയായ ഇരുപതുകാരൻ ജുവൽ റാണയാണ് ക്രൂര മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിൽവച്ചാണ് എട്ട് പേര്‍ ആക്രമിച്ചത്. . റാണ സംബൽപുരിൽ നിര്‍മാണത്തൊഴിലിനായി എത്തി അഞ്ചു ദിവസം മാത്രമേ ആയുള്ളൂ. അച്ഛൻ സിയാവുള്‍ ഹഖ് കേരളത്തിൽ നിര്‍മാണത്തൊഴിലാളിയാണ്. ​


ഡിസംബര്‍ 20നാണ് ജോലിക്കായി മകൻ സംബല്‍പുരിലേക്ക് പോയതെന്ന് അമ്മ നസ്‍മ ബിവി പറഞ്ഞു. ആദ്യമായാണ് സംസ്ഥാനത്തിന് പുറത്ത് പണിക്ക് പോകുന്നതെന്നും നസ്‍മ പറഞ്ഞു. അക്രമികള്‍ ​ജയ്‍ ശ്രീം വിളിക്കാൻ ആവശ്യപ്പെട്ടുവെന്ന് തൃണമൂൽ എംഎൽഎ ഇമാനി ബിശ്വാസ് പറഞ്ഞു.


ബിജെപി ഭരണത്തിലേറിയതിന് പിന്നാലെ ഒഡിഷയിൽ ബംഗാളി സംസാരിക്കുന്ന ബംഗാള്‍ സ്വദേശികള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുകയാണ്. യുവാവിനെ മർദിച്ച്‌ കൊലപ്പെടുത്തിയ അക്രമികൾക്ക്‌ ശിക്ഷ ഉറപ്പാക്കണമെന്ന്‌ കൺസ്‌ട്രക്ഷൻസ്‌ വർക്കേഴ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആസൂത്രിതമായ ആക്രമണങ്ങൾ തുടർക്കഥയായിട്ടുണ്ട്‌. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക്‌ ഇത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്വമുണ്ട്‌. ജുവലിന്റെ കുടുംബത്തിന്‌ മതിയായ നഷ്ടപരിഹാരം നൽകണം.


രാജ്യത്തുടനീളം സഞ്ചരിച്ച്‌ ജോലി ചെയ്യുന്ന തൊഴിലാളികളാണ്‌ നിർമാണമേഖലയെ നിലനിർത്തുന്നത്‌. തൊഴിലാളികളുടെ ജീവന്‌ സുരക്ഷ ഉറപ്പാക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം– ഫെഡറേഷൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home