മിഗ്–21 ചിറകൊതുക്കുന്നു ; ചണ്ഡിഗഡില്‍ ഡീകമീഷനിങ് ചടങ്ങ് ഇന്ന്

മിഗ് – 21 പറത്തിയശേഷം രാജസ്ഥാന്‍ ബിക്കാനീറിലെ എയര്‍ബേസില്‍ വ്യോമസേന മേധാവി എ പി സിങ് (ഫയല്‍ ചിത്രം)
ന്യൂഡൽഹി
ആറ് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് ശേഷം മിഗ്–21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയോട് വിടപറയുന്നു. തദ്ദേശീയമായി നിർമിച്ച പുതുതലമുറ തേജസ് വിമാനങ്ങൾ പകരക്കാരാകും. വെള്ളിയാഴ്‌ച ചണ്ഡിഗഡില്‍ ഡീകമീഷനിങ് ചടങ്ങ് നടക്കും.
സോവിയറ്റ് യൂണിയനുമായുള്ള കരാറിന്റെ ഭാഗമായി 1962ലാണ് മിഖായോൻ–ഗുരേവിച്ച് (മിഗ്)–21 വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. 1963ല്‍ വ്യോമസേനയുടെ ഭാഗമായി. രാജ്യത്തെ ആദ്യ സൂപ്പർസോണിക് യുദ്ധവിമാനമായിരുന്നു മിഗ്–21. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് കാലാകാലങ്ങളില്‍ നിരവധി മാറ്റംവരുത്തി 800ഓളം മിഗ്–21 വിമാനം നിർമിച്ചു.
പാകിസ്ഥാന് എതിരായ യുദ്ധങ്ങളിൽ ഇന്ത്യയുടെ പ്രധാന ശക്തിയായിരുന്നു മിഗ്. കാർഗിൽ യുദ്ധത്തിലും ബലാക്കോട്ട് വ്യോമാക്രമണത്തിലും മിഗ് ഇന്ത്യയുടെ കുന്തമുനയായി. അപകടങ്ങളുടെ കാര്യത്തിലും മിഗ് ഏറെ മുന്നിലായിരുന്നു. മിഗ്–21 ഉൾപ്പെട്ട 400ലധികം അപകടമുണ്ടായെന്നാണ് കണക്ക്. 200ഓളം പൈലറ്റുമാർ മരിച്ചു.
97 തേജസ് യുദ്ധവിമാനം വാങ്ങാന്‍ കരാര്‍
വ്യോമസേനയ്‌ക്കായി 97 തേജസ് യുദ്ധവിമാനം വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സുമായി 62370 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു. വ്യോമസേന ഒഴിവാക്കുന്ന മിഗ്–21 വിമാനങ്ങൾക്ക് പകരമായാണ് എംകെ 1എ തേജസ് യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. 48000 കോടി രൂപയ്‌ക്ക് 83 തേജസ് യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ 2021 ഫെബ്രുവരിയിൽ എച്ച്‌എഎല്ലും കേന്ദ്രസർക്കാരും ഒപ്പുവെച്ചിരുന്നു. ഇതിന് പുറമെയാണ് പുതിയ കരാര്‍.
240 എണ്ണം കുറവ്
യുദ്ധവിമാനങ്ങളുടെ 42 സ്‌ക്വാഡ്രണുകളാണ് വ്യോമസേനയ്‌ക്ക് അനുവദനീയമായത്. എന്നാൽ നിലവിൽ 30 സ്‌ക്വാഡ്രണുകൾ മാത്രമാണുള്ളത്. 18–20 യുദ്ധവിമാനങ്ങളാണ് ഒരു സ്‌ക്വാഡ്രണില്‍ ഉൾപ്പെടുക. ഏതാണ്ട് 240 യുദ്ധവിമാനങ്ങളുടെ കുറവാണ് നിലവിൽ വ്യോമസേനയ്‌ക്കുള്ളത്. ഓപ്പറേഷൻ സിന്ദൂറിന്റെ ഘട്ടത്തിൽ അത്യാധുനിക യുദ്ധവിമാനങ്ങളുടെ കുറവ് വ്യോമസേനയുടെ പ്രകടനത്തെ ബാധിച്ചതായി വിമർശമുയർന്നു. യുദ്ധവിമാനങ്ങൾ ഇല്ലാത്തത് വലിയ ദൗർബല്യമായി വ്യോമസേനാ മേധാവി ചൂണ്ടിക്കാട്ടുന്ന സ്ഥിതിയുണ്ടായി.










0 comments