ad
Deshabhimani

നടുക്കടലിൽ 37 കപ്പലുകൾ

ചരക്കുകൾ തിരിച്ച് വിളിക്കാൻ കയറ്റുമതിക്കാര്‍, അരിയും പച്ചക്കറികളും തിരികെ ചില്ലറ വിപണിയിലേക്ക്

hormuz ship
വെബ് ഡെസ്ക്

Published on Mar 06, 2026, 11:34 AM | 2 min read

ന്യൂഡൽഹി:പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രായേൽ അധിനിവേശ സഖ്യം തുടരുന്ന അതിക്രമങ്ങൾ ഇന്ത്യയുടെ കയറ്റുമതി മേഖലയിലും പ്രതിസന്ധിയാവുന്നു. ഏകദേശം 38,000കണ്ടെയ്നറുകളിലായി കോടിക്കണക്കിന് രൂപയുടെ ഇന്ത്യൻ ഉൽപ്പന്നങ്ങളാണ് വിവിധ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഏകപക്ഷീയമായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇറാൻ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടഞ്ഞിരിക്കയാണ്. ഇത് എണ്ണയും പ്രകൃതി വാതകങ്ങളും വഹിച്ചുള്ള കപ്പലുകളെ നിശ്ചലമാക്കി. മാത്രമല്ല കപ്പലുകൾ തടയപ്പെട്ടത് ചരക്ക് വ്യാപാരത്തെ മുഴുവനായും ബാധിച്ചു തുടങ്ങിയിരിക്കുന്നു.


ഇന്ത്യയുടെ വിവിധ തുറമുഖങ്ങളിലായി ഏകദേശം 38,000കണ്ടെയ്നറുകൾ കെട്ടിക്കിടക്കുന്നു. ഇതിൽ പകുതിയോളം കണ്ടെയ്നറുകൾ "ബാക്ക് ടു ടൗൺ" (Back to Town)അപേക്ഷകൾ നൽകി കയറ്റുമതിക്കാർ തിരിച്ചെടുക്കുകയാണ്. തുറമുഖങ്ങളിൽ കെട്ടികിടന്ന നശിക്കുന്നതിനെക്കാൾ പ്രാദേശിക വിപണികളിലേക്ക് എത്തിച്ച് കനത്ത നഷ്ടം നേരിടാനുള്ള ശ്രമമാണ്.


ഉയര്‍ന്ന ഇന്ധന ചെലവും, യുദ്ധ സാഹചര്യത്തിൽ ഇൻഷൂറൻസ് തുക വര്‍ധിപ്പിച്ചതും, ബദൽ മാര്‍ഗ്ഗത്തിലൂടെ കടൽ ചുറ്റിയുള്ള യാത്രയുടെ ദൈര്‍ഘ്യവും എല്ലാം ചേര്‍ന്നുള്ള പ്രതിസന്ധി രൂക്ഷമാവുകയാണ്.


നടുക്കടലിൽ 37 കപ്പലുകൾ,

ആയിരത്തിലധികം ജീവനക്കാര്‍


37 ഇന്ത്യൻ കപ്പലുകളും 1,109 ഇന്ത്യൻ നാവികരും പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇവരെല്ലാം ജീവൻ പണയം വെച്ചാണ് തൊഴിലിൽ തുടരുന്നത് എന്ന സാഹചര്യവും ഉണ്ട്.

രാജ്യത്ത് ഓരോ ദിവസവും ഏകദേശം 10,000കോടി രൂപയുടെ ചരക്ക് നീക്കമാണ് തടസ്സപ്പെട്ടിരിക്കുന്നത്. കണ്ടെയ്നറുകൾക്ക് ഏർപ്പെടുത്തിയ പ്രത്യേക യുദ്ധകാല സർചാർജ് 2,000മുതൽ 3,800ഡോളര്‍ വരെ വർദ്ധിച്ചു. ഈ അധിക ചെലവ് വ്യാപാര വ്യവസായ മേഖലകൾക്ക് അധിക ചെലവുകൾ കൂടി നൽകുന്നു. കയറ്റുമതി തടസ്സപ്പെട്ടതോടെ ആഭ്യന്തര വിപണിയിൽ ബസുമതി അരിയുടെ വില 7-10%വരെ കുറഞ്ഞു. ഇനിയും ചരക്കുകൾ ചില്ലറ വിപണിയിലേക്ക് എത്താനിരിക്കുന്നു.


പ്രതിസന്ധി വളം നിര്‍മ്മാണത്തിൽ വരെ


കാർഷിക ഉത്പന്നങ്ങൾ: മഹാരാഷ്ട്രയിൽ നിന്നുള്ള മുന്തിരി,വാഴപ്പഴം,സവാള എന്നിവയുടെ കയറ്റുമതി പൂർണ്ണമായും നിലച്ചു. ഏകദേശം 400കണ്ടെയ്നർ വാഴപ്പഴങ്ങളും 230കണ്ടെയ്നർ മുന്തിരിയും മുംബൈയിലെ ജെഎൻപിടി തുറമുഖത്ത് കെട്ടിക്കിടക്കുന്നു. ഇവ ചീഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ കുറഞ്ഞ വിലയ്ക്ക് ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാൻ കർഷകർ നിർബന്ധിതരാകുന്നു.


ബസുമതി അരി: ഇന്ത്യയുടെ ആകെ ബസുമതി കയറ്റുമതിയുടെ 67%ഗൾഫ് രാജ്യങ്ങളിലേക്കാണ്. യുദ്ധം കാരണം സൗദി അറേബ്യ, ഇറാൻ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള ചരക്ക് നീക്കം നിലച്ചത് പഞ്ചാബ്,ഹരിയാന കർഷകരെ വലിയ പ്രതിസന്ധിയിലാക്കി.


തേയില: ഇന്ത്യൻ ചായയുടെ 41ശതമാനവും (ഏകദേശം 11.5കോടി കിലോ)ഹോർമുസ് കടലിടുക്ക് വഴി ഇറാഖ്, ഇറാൻ,യു.എ.ഇ എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. ഈ പാത അടച്ചത് അസം തേയില വ്യവസായത്തെയും സാരമായി ബാധിച്ചു.


വസ്ത്രങ്ങൾ: ഗൾഫ് രാജ്യങ്ങൾ ഇന്ത്യയുടെ നാലാമത്തെ വസ്ത്ര കയറ്റുമതി ലക്ഷ്യമാണ്. ഇത് പൂര്‍ണ്ണമായും നിലച്ചു. പ്രത്യേകിച്ചും റംസാൻ സീസൺ വിപണി ഏറ്റവും സജീവമായുന്ന സമയമാണ്. പ്രതിസന്ധി വന്നുപെട്ടതും ഇതേ സമയത്താണ്.കടത്തു കൂലിയും ഇൻഷൂറൻസും വര്‍ധിച്ചതും നഷ്ടം വര്‍ധിപ്പിച്ചു. പ്രതികാര നികുതി സൃഷ്ടിച്ച് തിരിച്ചടിക്ക് പിന്നാലെയാണ് യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതത്വം കൂടി എത്തിയത്.


കര്‍ഷകര്‍ക്ക് വളവും ഇല്ല: ഇന്ത്യയിലെ രാസവള നിര്‍മ്മാണ ഫാക്ടറികൾക്ക് എൽഎൻജി അത്യാവശ്യമാണ്. യൂറിയ ഉൾപ്പെടെ വളങ്ങളുടെ നിര്‍മ്മാണത്തിന് ഇത് ഒഴിവാക്കാൻ പറ്റില്ല. എൽഎൻജി നീക്കം നിലയ്ക്കുക മാത്രമല്ല പ്രധാന ഉത്പാദകരായ ഖത്തര്‍ ഉത്പാദനം തന്നെ വെട്ടിക്കുറച്ചിരിക്കയാണ്. ഇത് പ്രതിസന്ധി നീട്ടുമെന്നും ആശങ്കയുണ്ട്. ഗുജറാത്തിലെ ഉൾപ്പെടെ രാസവള ഫാക്ടറികൾ യൂറിയ ഉത്പാദനം നിര്‍ത്തി വെച്ചതായും വാര്‍ത്തകൾ വന്നു.


15ദിവസത്തെ അധിക യാത്ര


ലോകത്തിലെ ക്രൂഡ് ഓയിൽ നീക്കത്തിന്റെ 20ശതമാനവും നടക്കുന്നത് ഈ പാതയിലൂടെയാണ്. ഇറാൻ ഈ പാത തടഞ്ഞതോടെ ഗൾഫ് മേഖലയിലേക്കുള്ള കപ്പൽ ഗതാഗതം അസാധ്യമായി. കപ്പലുകൾ ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി ചുറ്റിപ്പോകാൻ നിർബന്ധിതരാകുന്നു.ഇത് യാത്രാസമയം 15ദിവസം വരെ വർദ്ധിപ്പിക്കുകയും ഇന്ധനച്ചെലവ് കൂട്ടുകയും ചെയ്തു.യുദ്ധസാഹചര്യത്തിൽ കപ്പലുകളുടെ ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂടിയത് ചെറുകിട കയറ്റുമതിക്കാരെ വിപണിയിൽ നിന്ന് പുറത്താക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home