മേക്കെദാതു അണക്കെട്ട് നിർമാണം അനുവദിക്കില്ല; ഡികെ ശിവകുമാറിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം

മേക്കെദാതു (Photo: Wikipedia)
ചെന്നൈ : മേക്കെദാതു അണക്കെട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് കർണാടകയും തമിഴ്‌നാടും തമ്മിലുള്ള തർക്കം വീണ്ടും രാഷ്ട്രീയ പോരാട്ടമായി മാറുന്നു. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ പുതിയ സർക്കാരിന് മുന്നിലെ ആദ്യത്തെ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഈ വിഷയം.
മേക്കെദാതു പദ്ധതിയുടെ പരിഷ്‌കരിച്ച വിശദമായ പദ്ധതി റിപ്പോർട്ട് ഉടൻ തന്നെ കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും നിർമാണവുമായി മുന്നോട്ട് പോകുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രസ്താവിച്ചതാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്. പദ്ധതിയെ എതിർക്കാൻ തമിഴ്‌നാടിന് യാതൊരു അവകാശവുമില്ലെന്നും ശിവകുമാർ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട്ടിൽ ഉടനീളം കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ശിവകുമാറിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ അഹങ്കാരമാണ് കാണിക്കുന്നതെന്ന് ഡിഎംകെ നേതാവ് കെഎൻ നെഹ്റു കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിൽ ഭരണം മാറിയതോടെ ഇവിടെയുള്ളത് ദുർബലമായ സഖ്യസർക്കാരാണെന്നാണ് കർണാടക നേതാവ് കരുതുന്നത്. തമിഴ്‌നാട്ടിലെ ഭരണസഖ്യത്തിൽ കോൺഗ്രസ് ഉള്ളതുകൊണ്ട് ഇവിടെനിന്ന് എതിർപ്പുണ്ടാകില്ലെന്ന് അദ്ദേഹം വിചാരിക്കുന്നുണ്ടാകാം. മേക്കെദാതു പദ്ധതി തമിഴ്‌നാടിനെ വഞ്ചിക്കുന്നതാണെന്നും കാവേരി ജലത്തെ ആശ്രയിക്കുന്ന ഡെൽറ്റ മേഖലയിലെ കർഷകരിൽ ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്നും നെഹ്റു പറഞ്ഞു. ഈ വിഷയത്തിൽ തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടാണെന്ന് കർണാടക സർക്കാരിനെ വിജയ് അറിയിക്കണമെന്നും നെഹ്റു ആവശ്യപ്പെട്ടു.
സുപ്രീം കോടതി വിധിയെക്കുറിച്ച് കർണാടക ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പിഎംകെ നേതാവ് അൻപുമണി രാമദോസ് ആരോപിച്ചു. മേക്കെദാതു പദ്ധതിയെ തമിഴ്‌നാടിന് എതിർക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. അണക്കെട്ട് വന്നാൽ തമിഴ്‌നാട്ടിലെ 14 ജില്ലകളിലെ ജലസേചനത്തെയും അഞ്ച് കോടിയോളം ജനങ്ങളുടെ കുടിവെള്ള വിതരണത്തെയും അത് ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഭരണകൂടത്തിന്റെ മൗനത്തെ ചോദ്യം ചെയ്ത് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയും രംഗത്തെത്തി. കോൺഗ്രസിനെ ആശ്രയിച്ച് നിൽക്കുന്ന സർക്കാരിന് കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. മേക്കെദാതുവിൽ അണക്കെട്ട് വന്നാൽ ഡെൽറ്റ ജില്ലകൾ മരുഭൂമിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഡികെ ശിവകുമാറിന്റെ പ്രസ്താവനയെ എതിർത്ത് കോൺഗ്രസ് എംപി മാണിക്കം ടാഗോറും രംഗത്തെത്തി. തമിഴ്‌നാടിന്റെ അനുമതിയില്ലാതെ കാവേരി നദിക്ക് കുറുകെ പുതിയ അണക്കെട്ട് നിർമ്മിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയും കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയും വ്യക്തമാക്കിയിട്ടുള്ളതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിയമനിർദ്ദേശങ്ങളെയും ഫെഡറൽ തത്വങ്ങളെയും അവഗണിച്ചാണ് ശിവകുമാർ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നത്. കാവേരി ഒരു രാഷ്ട്രീയ ആയുധമല്ല, തമിഴ്‌നാട്ടിലെ കോടിക്കണക്കിന് ജനങ്ങളുടെ ജീവനാഡിയാണെന്നും കർണാടകയുടെ ഈ നിർദ്ദേശം കേന്ദ്ര സർക്കാർ തള്ളിക്കളയണമെന്നും ടാഗോർ ആവശ്യപ്പെട്ടു.










0 comments