ad
Deshabhimani

print edition ടാറ്റാ ട്രസ്റ്റില്‍ ഭിന്നത രൂക്ഷം ; രത്തന്‍ ടാറ്റയുടെ 
വിശ്വസ്തന്‍ പുറത്തേക്ക്

mehli mistry tata sons
വെബ് ഡെസ്ക്

Published on Oct 29, 2025, 02:00 AM | 1 min read


കൊച്ചി

ഇന്ത്യന്‍ വ്യവസായലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച്‌ ടാറ്റാ ട്രസ്റ്റില്‍ ഭിന്നത രൂക്ഷമാകുന്നു. രത്തന്‍ ടാറ്റയുടെ ഏറ്റവുമടുത്ത വിശ്വസ്തനായിരുന്ന മെഹ്-ലി മിസ്ത്രി, ട്രസ്റ്റ് ബോര്‍ഡില്‍നിന്ന്‌ പുറത്താകുന്ന തരത്തിലേക്ക് അംഗങ്ങള്‍ തമ്മിലെ അഭിപ്രായഭിന്നത വളര്‍ന്നു. കഴിഞ്ഞ ടാറ്റ ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ ചെയർമാൻ നോയൽ ടാറ്റയും വൈസ് ചെയര്‍മാന്‍ വേണു ശ്രീനിവാസനും ട്രസ്റ്റ് അംഗം വിജയ് സിങ്ങും മെഹ്-ലി മിസ്ത്രിയുടെ കാലാവധി നീട്ടുന്നതിനെതിരെ വോട്ട് ചെയ്തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച മെഹ്-ലിയുടെ ട്രസ്റ്റി കാലാവധി അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. മറ്റു മൂന്ന് ട്രസ്റ്റിമാരായ -പ്രമിത് ജാവേരിയും ഡാരിയസ് ഖംബട്ടയും ജഹാംഗീർ എച്ച്‌ സി ജഹാംഗീറും മിസ്ട്രിയുടെ പുനര്‍നിയമനത്തെ പിന്തുണച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.


രത്തന്‍ ടാറ്റയുമായി അടുത്ത ബന്ധംമൂലം ടാറ്റ ഗ്രൂപ്പിലെ നിര്‍ണായകസ്ഥാനത്ത് എത്തുമെന്ന് കരുതപ്പെട്ടിരുന്നയാളാണ് മെഹ്-ലി. ടാറ്റാ ഗ്രൂപ്പിന്റെ ]ഹോള്‍ഡിങ് കമ്പനിയായ ടാറ്റാ സണ്‍സിന്റെ 18.3 ശതമാനം ഓഹരി കൈയാളുന്ന ഷപൂര്‍ജി പല്ലോന്‍ജി (എസ്‌പി) ഗ്രൂപ്പിന്റെ പ്രതിനിധികൂടിയാണ് ഇദ്ദേഹം.


എസ്-പി ഗ്രൂപ്പുമായുള്ള അഭിപ്രായഭിന്നത നിലനില്‍ക്കുമ്പോഴാണ് കഴിഞ്ഞദിവസം വേണു ശ്രീനിവാസന് ട്രസ്റ്റില്‍ പുനര്‍നിയമനം നല്‍കിയത്. ടാറ്റ സണ്‍സിലെ ഭൂരിപക്ഷം ഓഹരി ഉടമകളായ സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും സര്‍ രത്തന്‍ ടാറ്റാ ട്രസ്റ്റിന്റെയും ആജീവനാന്ത ട്രസ്റ്റിയായാണ് നിയമനം നല്‍കിയത്. ഇതുപോലെ മെഹ്ലി മിസ്ത്രിയുടെ പുനര്‍നിയമനവും നടക്കുമെന്നാണ് കരുതിയിരുന്നത്.


ടാറ്റാ സണ്‍സിന്റെ 66 ശതമാനം ഓഹരി ടാറ്റാ ട്രസ്റ്റിനാണ്. അതിനാല്‍ ട്രസ്റ്റിലെ ആഭ്യന്തര കലഹം ഗ്രൂപ്പിനെയാകെ ബാധിക്കുമെന്നാണ് വ്യവസായലോകം ആശങ്കപ്പെടുന്നത്. 2013 മുതല്‍ 2016 വരെ ടാറ്റാ സണ്‍സിനെ നയിച്ചത് എസ്‌പി ഗ്രൂപ്പിലെ സൈറസ് മിസ്ത്രിയാണ്. 2016 ഒക്ടോബറില്‍ മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതോടെയാണ് ടാറ്റാ ഗ്രൂപ്പും എസ്‌പി ഗ്രൂപ്പും തമ്മിലുള്ള അഭിപ്രായഭിന്നത ആരംഭിച്ചത്. ടാറ്റാ സണ്‍സ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്നും എസ്‌പി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home