ad
Deshabhimani

മേഘാലയ കൽക്കരി ഖനി അപകടം: രണ്ടുപേർ അറസ്റ്റിൽ

meghalaya coal mine
വെബ് ഡെസ്ക്

Published on Feb 06, 2026, 02:49 PM | 1 min read

ഷില്ലോങ്: മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 18 പേർ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് ഡയറക്ടർ ജനറൽ ഐ നോങ്‌റാങ് പറഞ്ഞു. അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച പുലർച്ചെ ഈസ്റ്റ് ജയന്തിയാ ഹിൽസ് ജില്ലയിലെ മയൻസങ്ത്-താങ്‌സ്കോ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഖനിയിലാണ് അപകടമുണ്ടായത്. ഖനനത്തിനായി ഉപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.


സ്ഫോടനത്തെത്തുടർന്ന് കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. നിരവധി തൊഴിലാളികൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. 18 പേരാണ് മരിച്ചത്. എട്ടുപേർ ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംസ്ഥാന ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഈസ്റ്റ് ജയന്തിയാ ഹിൽസ് പൊലീസ് സൂപ്രണ്ട് വികാസ് കുമാർ അറിയിച്ചു.


മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചു. മരിച്ച ഓരോ ഖനിത്തൊഴിലാളിയുടെയും കുടുംബത്തിന് 3 ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചിട്ടുള്ള ശാസ്ത്രീയമല്ലാത്ത 'എലിമട ഖനനം' നടന്ന ഖനിയിലായിരുന്നു അപകടം. ഇതേ പ്രദേശത്ത് കഴിഞ്ഞ ഡിസംബർ 23-നും സ്ഫോടനമുണ്ടാവുകയും രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home