മേഘാലയയിൽ 2.5 കോടിയുടെ ഹെറോയിൻ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ഷില്ലോങ്: മേഘാലയയിൽ രണ്ടര കോടിയുടെ ഹെറോയിനുമായി രണ്ട് പേർ പിടിയിൽ. മേഘാലയയിലെ വെസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലാണ് മയക്കുമരുന്നുകൾ പിടികൂടിയത്. മണിപ്പൂരിലെ കാങ്‌പോക്പി, ചുരാചന്ദ്പൂർ സ്വദേശികളായ ചുചുങ് സെർട്ടോ, താംഗിൻ ടൗതാങ് എന്നിവരാണ് അറസ്റ്റിലായത്. എൻഡിപിഎസ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഞായറാഴ്ച രാത്രി ഫ്രാമർ മെർ പോലീസിന്റെ ട്രാഫിക് സെല്ലിന് സമീപം വാഹനം തടഞ്ഞു പരിശോധിക്കുമ്പോഴാണ് ഹെറോയിൻ കണ്ടെത്തിയത്. വാഹനം ഖ്ലൈഹ്രിയാറ്റിൽ നിന്ന് ജോവൈയിലേക്ക് വരികയായിരുന്നു. 512.63 ഗ്രാം ഭാരമുള്ള ഹെറോയിൻ അടങ്ങിയ 50 സോപ്പ് ബോക്സുകൾ വാഹനത്തിൽ നിന്നും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് ജയന്തിയാ ഹിൽസ് പൊലീസും സംസ്ഥാന മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്‌സും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്.
ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് ഡിഎസ്പി ഗിരി പ്രസാദ് പറഞ്ഞു. 3,000 കൊറിയൻ വോൺ, 500 കസാക്കിസ്ഥാൻ ടെൻഗെ, 10 മ്യാൻമർ ക്യാറ്റ് എന്നിവയുൾപ്പെടെയുള്ള വിദേശ കറൻസികളും കണ്ടെടുത്തു. 6,775 രൂപയുടെ ഇന്ത്യൻ കറൻസികളും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.









0 comments