print edition മെഗാ ലയന പദ്ധതി; ബാങ്കിങ് മേഖല ആശങ്കയിൽ


സ്വന്തം ലേഖകൻ
Published on Oct 20, 2025, 02:32 AM | 1 min read
ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് മൂന്നു വൻകിട ബാങ്കുകളെ മാത്രം നിലനിർത്താനുള്ള മോദി സർക്കാരിന്റെ ‘മെഗാ ബാങ്ക് ലയന പദ്ധതി’ ബാങ്കിങ് മേഖലയെ ആശങ്കയിലാക്കി. രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളെ മൂന്നാക്കി ചുരുക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. തൊഴിൽസുരക്ഷ അനിശ്ചിതത്വത്തിലാവുമെന്ന ഭീതിയിലാണ് ജീവനക്കാർ.
ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, യൂകോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, കനറാബാങ്ക് എന്നിവയിൽ ലയിപ്പിക്കാനാണ് നീക്കം.
ആഗോള മത്സരത്തിന് പ്രാപ്‌തിയുള്ള ഒന്നോ രണ്ടോ വൻകിട ബാങ്കുകളെ സൃഷ്ടിക്കാനെന്ന പേരിൽ അടുത്ത സാന്പത്തികവർഷം അവസാനത്തോടെ ‘മെഗാ ബാങ്ക് ലയന പദ്ധതി’ ആരംഭിച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വിഷയത്തിൽ ഉദ്യോഗസ്ഥതല ചർച്ചകൾ നടത്തിയ ശേഷം റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയ്‌ക്ക് വിടും. കേന്ദ്രസർക്കാർ ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, മാധ്യമ റിപ്പോർട്ടുകളിൽ ഒൗദ്യോഗിക വിശദീകരണം ആവശ്യപ്പെട്ട് ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ജീവനക്കാർ ധനമന്ത്രി നിർമല സീതാരാമന് കത്തുനൽകി. ലാഭത്തിലും വായ്‌പാവളർച്ചയിലും ഏറെ മുന്നിലുള്ള ബാങ്കിനെ ലയിപ്പിക്കേണ്ട സാഹചര്യമെന്താണെന്ന് എംപ്ലോയീസ് ആൻഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ ചോദിച്ചു.
ഗ്രാമീണമേഖലയ്‌ക്കും കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും മറ്റും ആശ്വാസമേകുന്ന പൊതുമേഖലാബാങ്കുകൾ ഇല്ലാതാക്കി കോർപറേറ്റുകളെ പിന്തുണയ്‌ക്കുന്ന വൻകിട ബാങ്കുകളെ മാത്രം നിലനിർത്താനാണ് മോദിസർക്കാരിന്റെ നീക്കം. നിരവധി ബാങ്കുകളെ ഒറ്റയടിക്ക് ലയിപ്പിക്കുന്നതോടെ വൻതോതിൽ ശാഖപൂട്ടലും പിരിച്ചുവിടലും നിർബന്ധിത വിരമിപ്പിക്കലും ഉണ്ടാകുമെന്ന ആശങ്കയുമുണ്ട്.










0 comments