ന്യൂസ് ക്ലിക്ക് കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി പുതു പ്രതീക്ഷകൾ ഉണർത്തുന്നത്: സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി : മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്ക്, എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ത എന്നിവർക്കെതിരെ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി സംയുക്ത കിസാൻ മോർച്ച. എഫ്ഡിഐ ലംഘനം ആരോപിച്ചുകൊണ്ട് നിയമ പ്രക്രിയയുടെ ഗുരുതരമായ ദുരുപയോഗം പൊലീസ് നടത്തിയതായി കോടതി നിരീക്ഷിച്ചു. അതിനാൽ ഇഡി കുറ്റപത്രം സമർപ്പിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അത് ഉടൻ പിൻവലിക്കണമെന്നും കോടതി വ്യക്തമാക്കി. ബിജെപി-എൻഡിഎ നേതൃത്വത്തിലുള്ള മോദി ഭരണകൂടത്തിന്റെ രാഷ്ട്രീയ ആജ്ഞകൾക്ക് കീഴിൽ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് ആരോപണം നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെപ്പറ്റി ഈ വിധി പുതു പ്രതീക്ഷകൾ ഉണർത്തുന്നുണ്ട്.
ന്യൂസ് ക്ലിക്കിനെ ഇരയാക്കുന്നതിനെതിരെ സംയുക്ത കിസാൻ മോർച്ച ഒന്നിലധികം പ്രകടനങ്ങൾക്ക് നേതൃത്വം നൽകി. ഡൽഹി പോലീസിന്റെ UAPA എഫ്‌ഐആറിൽ കർഷക പ്രസ്ഥാനത്തിന് നിയമവിരുദ്ധമായ വിദേശ ധനസഹായം ലഭിച്ചതായും വിദേശ സ്പോൺസർഷിപ്പ് ലഭിച്ചതായും ആരോപിച്ചിരുന്നു. 2020–2021ലെ ചരിത്രപ്രസിദ്ധമായ കർഷക സമരം അവശ്യ സേവനങ്ങൾ തടസ്സപ്പെടുത്താനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നാണ് അതിൽ ആരോപിച്ചിരിക്കുന്നത്. ആരോപണങ്ങൾ തികച്ചും അപമാനകരവും രാഷ്ട്രീയ പ്രേരിതവുമാണ്. കർഷകരുടെ പ്രതിഷേധങ്ങൾ സമാധാനപരവും, ജനാധിപത്യപരവുമായിരുന്നു. ന്യൂസ് ക്ലിക്ക് കേസ് ഉപയോഗിച്ച് കർഷക വിരുദ്ധ ആഖ്യാനം കെട്ടിച്ചമയ്ക്കാനും ചരിത്രപരമായ ഒരു സമരത്തെ അപകീർത്തിപ്പെടുത്താനുമാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്.
ന്യൂസ്ക്ലിക്ക് ഉൾപ്പെടെയുള്ള എല്ലാ സ്വതന്ത്ര മാധ്യമങ്ങളോടും കിസാൻ മോർച്ച ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ചരിത്രപരമായ കർഷക സമരത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതും തുടർന്നും അത് ചെയ്തതുമായ എല്ലാ സ്വതന്ത്ര പത്രപ്രവർത്തകരെയും അഭിനന്ദിക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പോലുള്ള ക്രൂരമായ നിയമങ്ങൾ, വിയോജിപ്പുള്ള ശബ്ദങ്ങളെ അടിച്ചമർത്താൻ ദുരുപയോഗിച്ചു. സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും തഹസിൽ തലങ്ങളിലും എസ്‌കെഎം സംഘടിപ്പിച്ച ബഹുജന പ്രകടനങ്ങളിൽ വലിയ ജനപങ്കാളിത്തം ഉണ്ടായി. 2023 നവംബറിൽ, ന്യൂസ്ക്ലിക്ക് എഡിറ്റർ-ഇൻ-ചീഫ് പ്രബീർ പുർകായസ്തയ്‌ക്കെതിരായ ഡൽഹി പൊലീസ് എഫ്‌ഐആറിന്റെ പകർപ്പുകൾ എസ്‌കെഎമ്മിന്റെ ഘടക സംഘടനകൾ പരസ്യമായി കത്തിച്ചു.
ഇന്ത്യയിലെ പൗരന്മാരുടെ വിയോജിപ്പുകളെ അടിച്ചമർത്താൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതിന് മോദിയും അമിത് ഷായും മാപ്പ് പറയണം. വിയോജിപ്പുകളുള്ളവരെ ലക്ഷ്യം വയ്ക്കുന്നതിനും പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതിനുമുള്ള ഉപകരണങ്ങളായി ഉപയോഗിക്കുന്ന യുഎപിഎ, പിഎംഎൽഎ എന്നിവയ്ക്ക് കീഴിലുള്ള ക്രൂരമായ വ്യവസ്ഥകൾ റദ്ദാക്കണമെന്ന് എസ്കെഎം ആവശ്യപ്പെട്ടു.
ഡൽഹി പോലീസിലെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെയും കുറ്റക്കാരായ എല്ലാ ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ട് പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതായും എസ്‌കെഎം പ്രസ്താവനയിൽ പറഞ്ഞു. റെയ്ഡുകളിൽ പിടിച്ചെടുത്ത ലാപ്‌ടോപ്പുകളും ഫോണുകളും തിരികെ നൽകണമെന്നും ന്യൂസ് ക്ലിക്ക് സ്റ്റാഫിന്റെയും മാനേജ്‌മെന്റിന്റെയും വരുമാനനഷ്ടം, തൊഴിൽ എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടുന്നതായും എസ്‌കെഎം വ്യക്തമാക്കി.









0 comments