പ്രൗഡ് ഓഫ് യുഎഇ ആഘോഷം ശനിയാഴ്ച

അബുദാബി: അബുദാബി ഗവൺമെന്റ് അംഗീകൃത സംഘടനയായ ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ യുഎഇക്ക് ആദരവ് അർപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന 'പ്രൗഡ് ഓഫ് യുഎഇ സെലിബ്രെഷൻ' ജൂൺ 13, ശനിയാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിലൂട അറിയിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റിന്റെ അസാധാരണമായ വികസന നേട്ടങ്ങളെ ആദരിക്കുകയും, രാജ്യത്തിന്റെ പുരോഗതിയെ ശക്തിപ്പെടുത്തുന്ന ഐക്യം, സഹിഷ്ണുത, സഹവാസം, നവീകരണം എന്നീ അടിസ്ഥാന മൂല്യങ്ങളെ ആഘോഷിക്കുകയും ചെയ്യുകയാണ് ഈ പരിപാടിയുടെ പ്രധാന ഉദ്ദേശം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറ്റി അൻപതോളം രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ സമാധാനത്തോടെയും പരസ്പര ബഹുമാനത്തോടെയും ഒരുമിച്ച് ജീവിക്കുന്ന യുഎഇയുടെ സമൃദ്ധമായ ബഹുസാംസ്കാരിക പൈതൃകത്തിന് സ്നേഹവും കൃതജ്ഞതയും അർപ്പിക്കുന്ന ഉന്നത നിലവാരത്തിലുള്ള സാംസാകാരിക അനുഭവമായി ഈ പരിപാടി മാറും. യുഎഇയുടെ വളർച്ചയും നേതൃത്വവും ലോകത്തിനു തന്നെ ഒരു മാതൃകയാണ്. ഇവിടെ ജീവിക്കുന്ന എല്ലാ സമൂഹങ്ങൾക്കും ഇടയിലെ സൗഹൃദം കൂടുതൽ ശക്തമാക്കുകയാണ് തങ്ങളുടെ ലക്‌ഷ്യം. ഇത് വെറുമൊരു ആഘോഷം മാത്രമല്ല, നമ്മൾ പങ്കിടുന്ന ഐക്യത്തിന്റെയും സഹജീവിതത്തിന്റെയും ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണെന്നും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഒരുമിച്ച് ജീവിക്കുന്ന ഈ രാജ്യത്തിന്, നമ്മൾ പങ്കിടുന്ന സൗഹൃദവും മനുഷ്യത്വവുമാണ് ഏറ്റവും വലിയ ശക്തിയെന്നും, അതിനെ ആഘോഷിക്കാനാണ് ഈ പരിപാടിയെന്നും പ്രസിഡന്റ് അബ്ദുൽ റൗഫ് അഹ്സാനി അഭിപ്രായപ്പെട്ടു.
യുഎഇ സഹിഷ്ണുത സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, സാമൂഹ്യ വികസന വകുപ്പ് മന്ത്രാലയ പ്രതിനിധി ഷാമിസ് അലി ഖൽഫാൻ അൽ ദാഹിരി, ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ, എമിറേറ്റ് സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് വൈസ് ചെയർമാൻ പ്രൊഫ്. ജമാൽ സനദ് അൽ സുവൈദി, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ മുഖ്യ രക്ഷാധികാരി പത്മശ്രീ ഡോ. എം. എ. യൂസുഫലി, യുഎഇ പ്രസിഡന്റിന്റെ മത ഉപദേഷ്ടാവ് ഷെയ്ഖ് അലി അൽ ഹാഷ്മി, ലുലു ഫൈനാൻഷ്യൽ ഹോൾഡിങ്‌സ് മാനേജിങ്ങ് ഡയറക്ടർ അദീബ് അഹമ്മദ്, ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിന്റെ ദീർഘകാല പ്രസിഡന്റായിരുന്ന പി. ബാവാഹാജി എന്നിവർ 'പ്രൗഡ് ഓഫ് യുഎഇ'യിൽ അതിഥികളായി പങ്കെടുക്കും.
തുടർന്ന് ഇന്ത്യാ - യുഎഇ സൗഹൃദം പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക-സംഗീത പരിപാടികളും പ്രശസ്ത ഗായകരായ ആബിദ് കണ്ണൂർ, ആദിൽ അത്തു എന്നിവർ നയിക്കുന്ന ഗാനമേളയും അരങ്ങേറും. വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് അബ്ദുൽ റൗഫ് അഹ്‌സനി, ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, സീനിയർ അംഗം യു. അബ്ദുല്ല ഫാറൂഖി, വൈസ് പ്രസിഡന്റ് വി. പി. കെ. അബ്ദുൾല, ട്രഷർ അസീസ് കാളിയാടൻ, അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറി അബ്ദുല്ല നദ്‌വി, പ്രോഗ്രാം ചീഫ് കോർഡിനേറ്റർ അബ്ദുൽ ബാസിത് കായക്കണ്ടി, ജനറൽ കൺവീനർ സലിം നാട്ടിക എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
‘പ്രൗഡ് ഓഫ് യുഎഇ' വാർത്താസമ്മേളനത്തിൽനിന്ന്








0 comments