Deshabhimani

കൂടുതൽ ഉന്നതരുടെ പേരുകൾ പുറത്ത്‌: : മെഡിക്കൽ കുംഭകോണത്തിന്റെ 
"കേന്ദ്രം' കേന്ദ്രത്തിൽത്തന്നെ

MEDICAL 1.
avatar
സ്വന്തം ലേഖിക

Published on Jul 11, 2025, 01:14 AM | 1 min read

ന്യൂഡൽഹി : രാജ്യംകണ്ട ഏറ്റവും വലിയ മെഡിക്കൽ വിദ്യാഭ്യാസ അഴിമതിയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിക്കൂട്ടിൽ. കൈക്കൂലി വാങ്ങി സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക്‌ അംഗീകാരം നൽകിയതിൽ സിബിഐ പ്രതിചേർത്ത 36 പേരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഉത്തർപ്രദേശിൽനിന്നുള്ള ബിജെപി നേതാവ്‌ സരോജിനി അഗർവാളിന്റെ മകളും മീററ്റിലെ എൻസിആർ മെഡിക്കൽ കോളേജ്‌ ഡയറക്ടറുമായ ശിവാനി അഗർവാളും പട്ടികയിലുണ്ട്‌.

സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക്‌ യോഗ്യതയില്ലാതെ അംഗീകാരം നൽകിയ കുറ്റത്തിന്‌ നാഷണൽ ഹെൽത്ത് അതോറിറ്റി ജോയിന്റ്‌ ഡയറക്ടർ ഡോ. ജീതുലാൽ മീണയെ പ്രതിചേർത്തു. എൻഎംസി പരിശോധനാ സംഘത്തിലെ അംഗങ്ങളായ ഡോ. പി രജനി റെഡ്ഡി, ഡോ. എ സതീഷ്, ഡോ. എം എസ്‌ ചൈത്ര, ഡോ. അശോക് ഷെൽക്കെ എന്നിവർക്കെതിരെ കൈക്കൂലി വാങ്ങി മെഡിക്കൽ കോളേജുകൾക്ക്‌ അനുകൂലമായി റിപ്പോർട്ട്‌ തയ്യാറാക്കിയെന്ന കുറ്റംചുമത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ സെക്ഷൻ ഓഫീസറടക്കം അഞ്ചുപേരും പ്രതിപ്പട്ടികയിലുണ്ട്‌.

ഒരാൾ അഴിമതിപ്പണം ഉപയോഗിച്ച് രാജസ്ഥാനിൽ വലിയ ക്ഷേത്രം പണിതതായും സിബിഐ കുറ്റപത്രത്തിലുണ്ട്‌. മുൻ യുജിസി ചെയർമാൻ, നാഷണൽ മെഡിക്കൽ കമീഷനിലെ (എൻഎംസി) ഉദ്യോഗസ്ഥർ, കേന്ദ്ര ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ പേരുകൾ മുമ്പുതന്നെ പുറത്തുവന്നിരുന്നു.

ഇടനിലക്കാരായി പ്രവർത്തിച്ചവരും സ്വകാര്യ മെഡിക്കൽ കോളേജ്‌ അധികൃതരുമാണ്‌ മറ്റു പ്രതികൾ. മെഡിക്കൽ വിദ്യാഭ്യാസ അഴിമതിയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം കേന്ദ്രീകരിച്ച്‌ ഒരു ശൃംഖലതന്നെ പ്രവർത്തിക്കുന്നതായി സിബിഐ ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home