ആലുവയിൽ 14 കിലോ കഞ്ചാവുമായി അധ്യാപകനും കൂട്ടാളിയും പിടിയിൽ

ഇസ്മയിൽ, ജാഫർ
ആലുവ: 14.6 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിയായ ഇംഗ്ലീഷ് അധ്യാപകനെയും ഉത്തർപ്രദേശ് സ്വദേശിയായ കൂട്ടാളിയെയും എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 28,850 രൂപയും പിടിച്ചെടുത്തു. ഒഡിഷ സ്വദേശി ഇസ്മയിൽ (42), ഉത്തർപ്രദേശ് സ്വദേശി ജാഫർ (26) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വ പകൽ 11.45ന് ആലുവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കിടെ സബ്ജയിൽ റോഡിൽവച്ചാണ് ഇരുവരും പിടിയിലായത്.
എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഡിഷയിൽനിന്ന് നേരിട്ട് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. ബിഎഡ് ബിരുദധാരിയായ ഇസ്മയിൽ ഒഡിഷയിലെ വിവിധ സ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപകനാണ്.
എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ എൻ ജി അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സി വി ജോമോൻ, ഫെബിൻ എൽദോസ്, ജിജോ അശോക്, അഭിരാം ഷാജി, അഖിൽ രാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ടി പി സജിത എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായത്.








0 comments