ആഫ്രിക്കയിൽ എബോള പടരുന്നു; നൈജീരിയയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

അബുജ : കോംഗോയിൽ പടർന്നുപിടിച്ചതിനുപിന്നാലെ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലും എബോള. രാജ്യത്തെ ആദ്യത്തെ എബോള കേസ് റിപ്പോർട്ട് ചെയ്തു. ഉഗാണ്ടയിൽനിന്ന് നൈജീരിയൻ തലസ്ഥാനമായ അബുജയിലെത്തിയ യാത്രക്കാരിക്കാണ് രോഗബാധ. ചൊവ്വാഴ്ചയാണ് നൈജീരിയൻ സർക്കാർ രോഗബാധ സ്ഥിരീകരിച്ചത്. ഉഗാണ്ടയിൽനിന്ന് വിമാനമാർഗം രാജ്യത്തെത്തിയ യുവതി രോഗലക്ഷണങ്ങളെത്തുടർന്ന് ദിവസങ്ങളോളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് എബോള സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി മുഹമ്മദ് പാട്ടെ അറിയിച്ചു. രോഗിയെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനും നിരീക്ഷിക്കാനും ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചു. 2014നുശേഷം ആദ്യമായാണ് നൈജീരിയയിൽ എബോള റിപ്പോർട്ട് ചെയ്യുന്നത്.
ഈ വർഷം മേയിൽ കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട ബുണ്ടിബുഗ്യോ വൈറസാണ് നൈജീരിയയിലും സ്ഥിരീകരിച്ചത്. ഇതിന് അംഗീകൃത വാക്സിനോ ചികിത്സയോ നിലവിലില്ല. കെനിയയിലും ഒമ്പത് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആഫ്രിക്ക സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി) അടിയന്തര ഉച്ചകോടി വിളിച്ചു. ഒക്ടോബർ 28നാണ് ആഫ്രിക്കൻ ആരോഗ്യമന്ത്രിമാരുടെ വെർച്വൽ യോഗം വിളിച്ചത്. രോഗവ്യാപനം തടയാൻ രാജ്യങ്ങളുടെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ആഫ്രിക്ക സിഡിസി ഡയറക്ടർ ജനറൽ ഡോ. ജീൻ കസേയ അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒക്ടോബർ 20 വരെ കോംഗോയിൽ 9,552 രോഗബാധിതരും 4,602 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കോംഗോയിലെ നോർത്ത് കിവു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ രോഗവ്യാപനം നിയന്ത്രണാതീതമാണെന്നാണ് ആരോഗ്യ അധികൃതരുടെ വിലയിരുത്തൽ. ആഫ്രിക്കയിലെ മൂന്ന് മേഖലകളിലേക്ക് രോഗം വ്യാപിച്ചതോടെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് ആഫ്രിക്ക സിഡിസി മുന്നറിയിപ്പ് നൽകി.








0 comments