അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം

പ്രതീകാത്മകചിത്രം
പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരിച്ചു. ഷോളയൂർ വെച്ചപതി ഉൗരിലെ ജ്യോതിമണി– ബിജു ദമ്പതികളുടെ 20 ദിവസം പ്രായമായ ആൺകുഞ്ഞാണ് ബുധനാഴ്‌ച മരിച്ചത്. ഒക്‌ടോബർ രണ്ടിന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞു ജനിച്ചപ്പോൾ തൂക്കം 1.755 കിലോ ഗ്രാം ആയിരുന്നു. എന്നാൽ തൂക്കം കൂടുന്നതുവരെ നിരീക്ഷണത്തിൽ വയ്ക്കാതെ ദമ്പതികളെ വീട്ടിലേക്ക് പറഞ്ഞുവിട്ടതായി ബന്ധുക്കൾ പറയുന്നു.
ഡിസ്‌ചാർജ് ചെയ്യുന്ന ദിവസം കുഞ്ഞിന്റെ തൂക്കം വീണ്ടും കുറഞ്ഞിരുന്നു. വീട്ടിലെത്തി കുറച്ചു ദിവസങ്ങൾക്കുശേഷം കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് കോട്ടത്തറ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ബുധനാഴ്‌ച രാവിലെ മരിച്ചു.
അട്ടപ്പാടിയിൽ രണ്ടു മാസത്തിനിടെ മൂന്ന് നവജാത ശിശുക്കൾ ഉൾപ്പെടെ അഞ്ച് ആദിവാസി കുഞ്ഞുങ്ങളാണ് മരിച്ചത്. ഗർഭിണികൾക്ക് പരിചരണവും ചികിത്സയും പോഷകാഹാരവും കിട്ടാത്തതാണ് കാരണം.








0 comments