ജാമിയ മില്ലിയ വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം: വി ശിവദാസൻ എംപി

ന്യൂഡൽഹി : ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കുന്നതിനും വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കുന്നതിനും ഇടപെടണമെന്ന് വൈസ് ചാൻസലറോട് ഡോ. വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. കാമ്പസിലെ നിലവിലുള്ള സാഹചര്യത്തിലും ഉന്നയിക്കുന്ന പരാതികളിലും ഡോ. വി. ശിവദാസൻ എംപി ആശങ്ക പ്രകടിപ്പിച്ചു.
2006 മുതൽ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുകൾ നടന്നിട്ടില്ല. അത് കാരണം വിദ്യാർഥികൾക്ക് അവരുടെ ആശങ്കകൾ ഉന്നയിക്കുവാനോ അവരുടെ അക്കാദമിക് ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളിൽ പങ്കെടുക്കുവാനോ കഴിയുന്ന ഒരു ജനാധിപത്യ വേദി യൂണിവേഴ്സിറ്റിയിൽ ഇല്ലാതായി എന്ന് ശിവദാസൻ എം പി ചൂണ്ടിക്കാട്ടി. അക്കാദമിക് സൗകര്യങ്ങൾ, ഹാജർ നയങ്ങൾ, ഹോസ്റ്റൽ സാഹചര്യങ്ങൾ, സ്കോളർഷിപ്പുകൾ, ഗവേഷണ സ്റ്റൈപ്പൻഡുകൾ, വിദ്യാർഥി ക്ഷേമത്തിന്റെ മറ്റ് വശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലേക്കും നടപടി ആവശ്യപ്പെട്ടാണ് സമരം.
സർവകലാശാല ഭരണാധികാരികൾ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് വി ശിവദാസൻ എംപി വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രാതിനിധ്യം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികൾക്ക് അവരുടെ ആശങ്കകൾ സമാധാനപരമായി പ്രകടിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനും സമയബന്ധിതമായ ഒരു പ്രക്രിയ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലുള്ള സാഹചര്യം പരിഹരിക്കുന്നതിനും വിദ്യാർഥികളുടെ യഥാർഥ പരാതികൾ പരിഹരിക്കുന്നതിനും ക്യാമ്പസിൽ അനുകൂലമായ ഒരു അക്കാദമിക് അന്തരീക്ഷം നിലനിർത്തുന്നതിനും സർവകലാശാല ഭരണനേതൃത്വത്തിൻ്റെ ഇടപെടലും വിദ്യാർഥികളോടുള്ള പരസ്പര ധാരണയും അനിവാര്യമാണെന്നും വി ശിവദാസൻ എംപി പറഞ്ഞു.









0 comments