വാഹന പരിശോധനയ്‌ക്കിടെ പൊലീസ് പിടികൂടി; ദേഹാസ്വാസ്ഥ്യം വന്നയാൾ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു

പാവറട്ടി : വാഹന പരിശോധനയ്‌ക്കിടയിൽ പാവറട്ടി പൊലീസ് പിടികൂടിയ നിർമാണ തൊഴിലാളി ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. ചിറ്റിലപ്പിള്ളി സ്വദേശി ആളൂർ വീട്ടിൽ വർഗീസ് (61) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. ചിറയ്ക്കൽ അമ്പലത്തിന് സമീപം അസ്വഭാവികതയോടെ ബുള്ളറ്റ് ഓടിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വർഗീസിനെ പാവറട്ടി പൊലീസ് പിടികൂടിയത്. പരിശോധനയിൽ മദ്യപിച്ചതായും കണ്ടെത്തി.
ജീപ്പിൽ എസ്ഐയെ കൂടാതെ പൊലീസ് ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. തുടർന്ന് ഡ്രൈവർ ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വർഗീസിനെയും കയറ്റി എസ്ഐ ജീപ്പോടിച്ച് സ്റ്റേഷനിലേക്ക് പോകുന്നതിനിടയിൽ മുല്ലശേരി താമരപ്പിള്ളിയിൽ വെച്ച് വർഗീസിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ജീപ്പ് നിർത്തി രണ്ട് നാട്ടുക്കാരെയും സഹായത്തിന് കൂട്ടി പൊലീസ് വർഗീസിനെ ബ്ലോക്ക് ആശുപത്രിയിലെത്തിച്ചതായാണ് പൊലീസ് പറയുന്നത്. പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കൂടുതൽ ചികിത്സക്കായി ചാവക്കാട് സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. സംസ്‌കാരം വ്യാഴം വൈകിട്ട് അഞ്ചിന് ചിറ്റിലപ്പിള്ളി സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സോമി. മക്കൾ: വിസ്‌മയ, ഹ്രിസ്വിൻ, ഹണിറീത്ത.









0 comments